തിരുവല്ല ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ചംക്രോത്ത് എന്ന മഠം സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ആ മഠം തന്നെ ഇല്ലാതായി. ഒരുകാലത്ത് അവിടെ ഒരു സ്ത്രീ മാത്രമായിത്തീര്‍ന്നു. ഭഗവല്‍ ഭക്തിയാല്‍ ഇവരെല്ലാഏകാദശിയും അനുഷ്ഠിച്ചിരുന്നു. ദ്വാദശി ദിവസമായ പിറ്റേന്ന് അടുത്തുള്ള മഠത്തിലെ ഏതെങ്കിലും ബ്രഹ്മചാരിയായുള്ള ഉണ്ണികളെ വിളിച്ച് കാലുകഴുകിച്ച് ഊട്ടു നടത്തുന്നത് നിര്‍ബന്ധമായിരുന്നു. അതിനുശേഷമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.
എന്നാല്‍ ഒരുകാലത്ത് തൊകലന്‍ എന്ന ഒരു തെമ്മാടി ആ നാട്ടില്‍ വന്നുചേര്‍ന്നു. എല്ലാ വീടുകളും കൊള്ളയടിച്ച്, താമസക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കലും പതിവാക്കി. അടുത്തുള്ള മഠങ്ങളിലെ അംഗങ്ങളെല്ലാം ഇതുമൂലം തെക്കന്‍ നാടുകളിലേക്ക് പലായനം ചെയ്തു.
അതിനാല്‍ ചംക്രോത്തമ്മയ്‌ക്ക് ഒരു ഏകാദശിയുടെ പിറ്റേന്ന് കാലുകഴിക്കാനാരെയും കിട്ടാതെ വലഞ്ഞു. ഒടുവില്‍ തേവാരമൂര്‍ത്തിയുടെ കാല്‍ക്കീഴില്‍ നമസ്‌കരിച്ചു. തൊട്ടുപിന്നില്‍ ഒരു ഉണ്ണിയുടെ ശബ്ദം.
ഞാന്‍ എവിടെയാണ് കുളിക്കേണ്ടത്. മഠത്തിലെ കുളം കാണിച്ചുകൊടുത്തപ്പോള്‍ അതുപോരാ പുഴയില്‍ വേണം കുളി എന്ന് തറപ്പിച്ചു പറഞ്ഞു. അവിടെ തൊകലന്‍ ഉണ്ടാവും. അത് ബുദ്ധിമുട്ടാണ്, അവന്‍ ഉണ്ണിയെ ഉപദ്രവിക്കുമെന്ന് പറഞ്ഞു. അതൊന്നും പറ്റില്ല ഒരാളും എന്നെ ഉപദ്രവിക്കില്ലെന്നും ഉടനെ വരാമെന്നും പറഞ്ഞ് ഉണ്ണി പോയി. തെമ്മാടിയായ തൊകലന്‍ വഴിതടഞ്ഞു. പിന്നെ അവിടെ പൊരിഞ്ഞ യുദ്ധംതന്നെ നടന്നു.
സുദര്‍ശനചക്രം കൊണ്ട് ആ ഉണ്ണിയായ മഹാവിഷ്ണു തൊകലനേയും അയാളുടെ സംഘത്തേയും ഒരു പരുവമാക്കിത്തീര്‍ത്തു. അതോടെ ആനാട്ടില്‍ ഒരുശല്യവും ഇല്ലാതായി. ഒന്നിനുപകരം അഞ്ചുണ്ണികള്‍ ചംക്രോത്തമ്മയ്‌ക്ക് മുന്നിലെത്തി. പൂജയെല്ലാം സ്വീകരിച്ച് ചംക്രോത്തമ്മയെയും നാട്ടുകാരെയും തൊകലന്റെ ബാധയില്‍നിന്നും സാക്ഷാല്‍ മഹാവിഷ്ണു രക്ഷിച്ചു.
















