ആലപ്പുഴ: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കു കീഴിലുള്ള കേരളത്തിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് രണ്ടുദിവസത്തെ പരിശീലനം നല്‍കാന്‍ സായി ഡയറക്ടര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍.
കുട്ടികളുമായി നേരിട്ട് ഇടപഴകുന്ന ജീവനക്കാര്‍ക്ക് അവരുടെ അവകാശം, മനഃശാസ്ത്രം, സ്‌പോര്‍ട്‌സ് എന്നിവയില്‍ പരിശീലനം നല്‍കാനാണ് നിര്‍ദേശം. ആലപ്പുഴയിലെ സായി കേന്ദ്രത്തില്‍ ഒരു കായികതാരം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ ആരംഭിച്ച കേസില്‍ നടപടി.
സായ്‌യുടെ ആലപ്പുഴ കേന്ദ്രത്തില്‍ യോഗ ക്ലാസ്സ് ആരംഭിക്കാനും കുട്ടികള്‍ അതില്‍ പങ്കെടുക്കുന്നത് നിര്‍ബന്ധമാക്കാനും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം ജെ. സന്ധ്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സായി ഡയറക്ടറോട് നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ സ്ഥിരം കൗണ്‍സലിങ് സംവിധാനം ഒരുക്കണം. കുട്ടികള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം.
പരാതി അറിയിക്കുന്നതിന് 1098 എന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം നിലവിലുളള കാര്യം കുട്ടികള്‍ അറിയണം. കുട്ടികള്‍ക്കായി ദേശീയതലത്തില്‍ സമഗ്രമായ കായികസുരക്ഷാനയം രൂപവത്കരിക്കുന്നതിനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 60 ദിവസത്തിനുള്ളില്‍ സായി ഡയറക്ടര്‍ കമ്മീഷനെ അറിയിക്കണം. കേസ് ഇനി നവംബര്‍ 16ന് പരിഗണിക്കും.
















