കോഴിക്കോട്: ഇരുപത്തിയൊന്ന് വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോള്‍ കോഴിക്കോട്ട്. 2016 ജനുവരി 22 മുതല്‍ ഫെബ്രുവരി ഏഴുവരെയാണ് മത്സരം. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ആസ്പന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ ലിമിറ്റഡ് എല്‍എല്‍പിയുടെ പിന്തുണയോടെയാണ് മത്സരം വീണ്ടും ആരംഭിക്കുന്നത്.
ജര്‍മ്മനിയില്‍ നിന്നുള്ള ഹെര്‍ത ബെര്‍ലിന്‍ എസ്‌സി, ടിഎസ്‌വി, 1860 മ്യൂണിക്, അര്‍ജന്റീനയില്‍ നിന്നുള്ള റിവര്‍ പ്ലേറ്റ്, അര്‍ജന്റീന അണ്ടര്‍ 23 നാഷണല്‍ ടീം, ബ്രസീലില്‍ നിന്നുള്ള ക്ലബ് അത്‌ലറ്റികോ പരനാനെന്‍സ്, കൊറിന്ത്യന്‍സ്, സ്‌പെയിനില്‍ നിന്നുള്ള ലെവാന്തെ യുഡി, സ്‌പെയിന്‍ അണ്ടര്‍ 23 നാഷണല്‍ ടീം, സൗദി അറേബ്യന്‍ ടീം, ഇന്ത്യയില്‍ നിന്നുള്ള ഒരു ഐ ലീഗ് ടീം എന്നിങ്ങനെ എട്ട് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
www.kozhikodefa.com-എന്ന പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. 1952 ല്‍ ആരംഭിച്ച നാഗ്ജി ഫുട്‌ബോള്‍ 35 വര്‍ഷം തുടര്‍ച്ചയായി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം 1995 ല്‍ നവീകരണം ആരംഭിച്ചതോടെയാണ് മത്സരം മുടങ്ങി. ആദ്യ മത്സരത്തില്‍ ബാംഗളൂരിരിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും അവസാനമത്സരത്തില്‍ ജെസിടി മില്‍സ് ഫഗ്‌വാരയുമാണ് ജേതാക്കളായത്. മത്സരം പുനരാരംഭിക്കാന്‍ ശ്രമം നടന്നെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി.
ഡോ. സി സിദ്ധിഖ് അഹമ്മദ് കെഡിഎഫ്എ പ്രസിഡന്റായതിനുശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ആഗോളതലത്തിലുള്ള ടീമുകള്‍ പങ്കെടുക്കുന്ന മത്സരം നാഗ്ജി ഇതാദ്യമായാണ് സംഘടിപ്പിക്കുന്നത്.നാഗ്ജി കുടുംബം, കോഴിക്കോട് കോര്‍പ്പറേഷന്‍, സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം എന്നിവരാണ് മത്സരം പുനരാരംഭിക്കുന്നതിനായി കെഡിഎഫ്എയെ സഹായിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടു ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം പങ്കെടുക്കും.
വെബ്‌സൈറ്റ് ഉദ്ഘാടനച്ചടങ്ങില്‍ കെഡിഎഫ്എ പ്രസിഡന്റ് ഡോ. സിദ്ധിഖ് അഹമ്മദ്, ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. കെഎഫ്എ വൈസ് പ്രസിഡന്റ് എ. പ്രദീപ്കുമാര്‍ എംഎല്‍എ, കെഡിഎഫ്എ സെക്രട്ടറി പി. ഹരിദാസ്, ആസ്‌പെന്‍ സ്‌പോര്‍ട്‌സ് ഇന്ത്യ എല്‍എല്‍പി ചെയര്‍മാന്‍ ഹിഫ്‌സു റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
















