കൊളംബോ: ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ താരിന്ദു കൗശല്‍ ദൂസര എറിയുന്നത് നിയമവിരുദ്ധ ആക്ഷനിലൂടെയെന്ന് ഐസിസി. രാജ്യാന്തര മത്സരങ്ങളില്‍ കൗശല്‍ ദൂസര എറിയുന്നത് ഐസിസി നിരോധിച്ചു. അതേസമയം, താരത്തിന് ഓഫ് ബ്രേക്ക് എറിയാം. ചെന്നൈയിലെ ശ്രീ രാമചന്ദ്ര സര്‍വകലാശാലയില്‍ ഈ മാസം 14നാണ് പരിശോധന നടത്തിയത്.
കൗശല്‍ ഓഫ് ബ്രേക്ക് എറിയുമ്പോള്‍ കൈമുട്ട് 15 ഡിഗ്രിയില്‍ കൂടുതല്‍ മടക്കുന്നില്ല. എന്നാല്‍, ദൂസര എറിയുമ്പോള്‍ ഈ പരിധി ലംഘിക്കുന്നുവെന്ന് കണ്ടെത്തി. പരിശോധനയ്‌ക്കിടെ 18 ദൂസരകള്‍ എറിഞ്ഞതില്‍ ഒമ്പതും നിയമവിരുദ്ധം. ചിലപ്പോള്‍ 21 ഡിഗ്രി വരെ താരം കൈമടക്കുന്നുവെന്നും കണ്ടെത്തല്‍. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് കൗശല്‍ കുടുങ്ങിയത്.
















