മുംബൈ: എഡല്‍ഗിവ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ് ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് മേരി കോം. തനോടുള്ള സെലക്ടര്‍മാരുടെ പ്രാദേശിക വിവേചനമാണ് മണിപൂര്‍ ബോക്‌സിംഗ് ഇതിഹാസത്തെ കരയിച്ചത്.
ബോക്‌സിംഗ് റിംഗില്‍ റഫറിമാരും വിധികര്‍ത്താക്കളും തന്നെ തഴയുകയാണെന്നും അതിനാല്‍ തന്നെ പലപ്പോഴും സങ്കടം തോന്നാറുണ്ടെന്നും പൊട്ടി കരയുന്നതിനിടെയിലും മേരി കുറ്റപ്പെടുത്തി. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്നതാണ് ഈ വിവേചനത്തിന് കാരണമെന്നറിയാം, എങ്കിലും താനൊരു ഭാരതീയയാണെന്ന് സെലക്ടര്‍മാര്‍ മറന്നു പോകരുത്.
സെലക്ടര്‍മാര്‍ ഹരിയാനയില്‍ നിന്നുള്ള പിങ്കി ജാംഗറയ്‌ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. ബോക്‌സിംഗ് റിംഗില്‍ മത്സരിച്ചപ്പോഴെല്ലാം താന്‍ പിങ്കിയെ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പിങ്കിയോടാണ് സെലക്ടര്‍മാര്‍ക്ക് താല്‍പര്യമെന്ന് അഞ്ച് തവണ ലോക ചാമ്പ്യനായ മേരി പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു.
അതേസമയം മേരിക്ക് വേണ്ട പിന്തുണ നല്‍കാമെന്ന് കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ് സോണോവാള്‍ പറഞ്ഞു. ഒറ്റപ്പെട്ടുവെന്നും അവഗണിക്കപ്പെട്ടുവെന്നുമുള്ള തോന്നല്‍ കളിക്കാര്‍ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാഡ്മിന്റണ്‍ താരം പിവി സിന്ധു, പ്രകാശ് പദുകോണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മേരികോമിനെ ഒഴിവാക്കിയിരുന്നു. പകരം പിങ്കിയേയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഗെയിംസിന് മുന്നോടിയായി നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ മേരി പിങ്കിയോട് പരാജയപ്പെട്ടിരുന്നു. വിധികര്‍ത്താക്കളുടെ പിഴവാണ് ഇതിന് കാരണമായതെന്ന് മേരി അന്ന് ആരോപിച്ചിരുന്നു.
















