അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെയും കഴിപ്പിക്കുന്നവരെയും നിയമാനുസൃതം ശിക്ഷിക്കുക തന്നെ ചെയ്യണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാര്യത്തിൽ ശൈശവ വിവാഹ നിരോധന നിയമമാണ് ബാധകമെന്നും മുസ്ലീം വ്യക്തി നിയമം (ശരീയത്ത്) ഒരു തരത്തിലും ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. നിർണ്ണായകവും വളരെയേറെ പ്രധാന്യവുമുള്ളതാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഈ വിധി. കേസുമായി പോയാൽ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം വിധി നേടിയെടുക്കാൻ കഴിയും.
പതിനഞ്ചു വയസ് തികഞ്ഞ പെൺകുട്ടികളെ വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ അനുവദിക്കുന്നതാണ് ശരീയത്ത് നിയമം. ഇതിൻെറ പേരിൽ 18 വയസ് തികയാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ അനുവദിക്കുന്നവർക്കും അത് പ്രോൽസാഹിപ്പിക്കുന്നവർക്കും എതിരെ നിയമനടപടി എടുക്കാൻ കഴിയുമോയെന്നാണ് ചോദ്യം. ഇത്തരം വിവാഹങ്ങൾക്ക് അനുമതി നൽകുന്നവരെയും അത് പ്രോൽസാഹിപ്പിക്കുന്നവരെയും ശൈശവ വിവാഹനിരോധന നിയമ പ്രകാരം ശിക്ഷിക്കാൻ കഴിയും.
അയൽക്കാരിയായ 16കാരിയുമായി ഒളിച്ചോടിയ യാനുഷ് ഷെയ്ഖ്( 28) എന്നയാൾക്ക് എതിരെ ഗെയ്‌ക്കക് വാദ് ഹവേലി പോലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, മാനഭംഗം എന്നിവയ്‌ക്ക് കേസ് എടുത്തിരുന്നു. ഒളിച്ചോടും മുൻപ് ഇവർ വിവാഹം കഴിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഇന്ത്യൻ ശിക്ഷാ നിയമം 363, 366, 376 എന്നിവ പ്രകാരം യുവാവിന് എതിരെ പരാതി നൽകി.
കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാക്കുന്നതിന് എതിരെയുള്ള നിയമ പ്രകാരവും പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, മാനഭംഗം തുടങ്ങിയ കുറ്റങ്ങൾ കോടതി ഒഴിവാക്കി. എന്നാൽ മുസ്ലീങ്ങള്‍ ഉൾപ്പെട്ട ശൈശവ വിവാഹങ്ങളാണെങ്കിലും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാക്കുന്നതിന് എതിരെയുള്ള നിയമം ബാധകം തന്നെയാണ്. അതു പ്രകാരം നടപടിയും വേണം – കോടതി വ്യക്തമാക്കി.‘
മറ്റു ഹൈക്കോടതികളുടെ ചിലി വിധികളും സുപ്രീം കോടതിയുടെ വിധികളും ഇസ്ലാമിക നിയമങ്ങളും മുൻ സുപ്രീം കോടി ജഡ്ജി മാർക്കണ്‌ഡേയ കട്ജുവിൻെറ ലേഖനവും എല്ലാം ഉദ്ധരിച്ചാണ് ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
















