കോഴിക്കോട്: സ്വര്‍ണ്ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെങ്കലക്കൂട്ട് വില്പന നടത്തുന്നതിനിടെ ആസാം സ്വദേശികളെ അറസ്റ്റുചെയ്തു. ആസാമിലെ നൗഗാം ജില്ല സ്വദേശികളായ ഷെഫി ഉള്‍ ഇസ്ലാം(30), ഇനുല്‍ ഇല്‍ ഹഖ്(30), അബ്ദുള്‍ ലത്തീഫ്(20) എന്നിവരെയാണ് നല്ലളം സി ഐ ടി സജീവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അരീക്കാട് നിന്നും വ്യാജ സ്വര്‍ണക്കട്ടിയുമായി പിടികൂടിയത്.
അരിക്കാട് കേന്ദ്രീകരിച്ച് വ്യാജസ്വര്‍ണ്ണ വില്പന നടക്കുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നല്ലളം പൊലീസും ഷാഡോ പൊലീസുമടങ്ങുന്ന പ്രത്യേക അന്വേഷണസംഘം നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് നാട്ടില്‍ നിന്നും പറമ്പ് കിളയ്‌ക്കുന്നതിനിടെ കിട്ടിയ തൃശൂല ചിഹ്നം പതിച്ച സ്വര്‍ണ്ണക്കട്ടി വില്പനയ്‌ക്കുണ്ടെന്ന് പറഞ്ഞ് ആസാം സംഘം അരീക്കാട് ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പ് ഉടമസ്ഥനെ സമീപിക്കുന്നത്. സ്വര്‍ണ്ണക്കട്ടിയില്‍ നിന്ന് മുറിച്ചുകൊടുക്കുന്നുവെന്ന നാട്യത്തില്‍, ഒരു ജ്വല്ലറിയില്‍ നിന്നും നേരത്തെ വാങ്ങിവെച്ച രണ്ട് ഗ്രാം സ്വര്‍ണ്ണം ഇയാള്‍ക്ക് ആസാം സ്വദേശികള്‍ നല്‍കി. ആയിരം രൂപയ്‌ക്കാണ് ഇത് മൊബൈല്‍ ഫോണ്‍ ഉടമയ്‌ക്ക് നല്‍കിയത്. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ ബാക്കി സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞാണ് മൂന്നംഗസംഘം മൊബൈല്‍ ഷോപ്പ് ഉടമയുടെ അടുത്ത് നിന്നും മടങ്ങിയത്.
മൊബൈല്‍ ഷോപ്പ് ഉടമയില്‍ നിന്നും ലഭിച്ച വിവരപ്രകാരം പൊലീസ് ആസാം സംഘത്തെ വലയില്‍ വീഴ്‌ത്താന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. അഞ്ച് ലക്ഷം രൂപ പൊലീസ് തന്നെ സംഘടിപ്പിച്ച് മൊബൈല്‍ ഷോപ്പ് ഉടമയ്‌ക്ക് നല്‍കുകയും, വ്യാജസ്വര്‍ണ്ണകൈമാറ്റം നടക്കുന്നതിനിടെ പ്രതികളെ പിടികൂടുകയുമായിരുന്നു. നല്ലളം സി ഐ ടി സജീവന്റെ നേതൃത്വത്തില്‍ എസ് ഐ റിയാസ് സാത്ഗിരി,അഡീഷണല്‍ എസ് ഐ എന്‍ മുരളി, ഷാഡോ പോലീസ് അംഗങ്ങളായ ലതീഷ്, സുധര്‍മന്‍, സീനിയര്‍ സി പി ഒ ശ്രീനിവാസന്‍, സി പി ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
തൃശൂലചിഹ്നം പതിച്ച സ്വര്‍ണ്ണക്കട്ടിയില്‍ നിന്നും ഒരു ഭാഗം മുറിച്ചുനല്‍കുമ്പോള്‍ വെങ്കലക്കൂട്ടിന് പകരം കൈയ്‌ക്കുള്ളില്‍ ഒളിപ്പിച്ച യഥാര്‍ത്ഥ സ്വര്‍ണ്ണം അതിവിദഗ്ധമായി മാറ്റി നല്‍കുകയാണ് ആസാം സ്വദേശികള്‍ ചെയ്തതെന്ന് നല്ലളം പൊലീസ് അറിയിച്ചു. ഇവര്‍ കുറഞ്ഞവിലയ്‌ക്ക് ആദ്യം നല്‍കുന്ന സ്വര്‍ണ്ണം യഥാര്‍ത്ഥ 24 കാരറ്റ് സ്വര്‍ണ്ണമാണെന്നതിനാല്‍ ഇടപാടുകാര്‍ വിശ്വസിച്ച് വഞ്ചിതരാവുകയാണ് പതിവ്. സമാന രൂപത്തിലുള്ള തട്ടിപ്പ് ഇവര്‍ ജില്ലയുടെ പല ഭാഗങ്ങളിലും നടത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനായി വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് നല്ലളം പൊലീസ് അറിയിച്ചു.
















