മുംബൈയെന്നാല്‍ ഒരു കാലത്ത് ഇന്ത്യയ്‌ക്ക്, ലോകത്തിന് ക്രിക്കറ്റായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കം ലോക ക്രിക്കറ്റിലെ തന്നെ ഒട്ടനവധി പ്രതിഭകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട് ഇന്ത്യയുടെ ഈ വാണിജ്യ തലസ്ഥാനം. എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റിനൊപ്പം മറ്റു ഗെയിമുകളെയും സ്‌നേഹിച്ചു തുടങ്ങി മുംബൈ. ഇത്തവണത്തെ കബഡി ലീഗ് കിരീടം മുംബൈ ടീം ദബാങ് സ്വന്തമാക്കി. ഫുട്‌ബോളിലും മുംബൈയ്‌ക്കിപ്പോള്‍ പ്രൗഢമായ സ്ഥാനം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ ബോളിവുഡിന്റെ കളിത്തൊട്ടിലില്‍നിന്ന് ടീമുണ്ടായിരുന്നു, മുംബൈ സിറ്റി എഫ്‌സി. ആദ്യ സീസണില്‍ പ്രതീക്ഷിച്ച മികവ് പുലര്‍ത്താനായില്ലെങ്കിലും അരയും തലയും മുറുക്കി രണ്ടാംവട്ടത്തിന് കൊമ്പുകോര്‍ക്കുന്നു മുംബൈ.
ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെയും ബിമല്‍ പരേഖിന്റെയും ഉടമസ്ഥതയിലുള്ള ടീമിന് ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ ഫ്രാന്‍സിന്റെ നിക്കോളാസ് അനല്‍ക്ക, സ്വീഡന്റെ ഫ്രെഡിക് ലുങ്ബര്‍ഗ്, ജര്‍മ്മനിയുടെ സെന്റര്‍ ബാക്ക് മാനുവല്‍ ഫ്രെഡ്രിച്ച് തുടങ്ങിയ ലോകോത്തര താരങ്ങളെ അണിനിരത്തിയിട്ടും ഏഴാം സ്ഥാനത്തെത്താനേ ആയുള്ളു. 14 കളികളില്‍ നാലെണ്ണത്തില്‍ ജയം.
ആറെണ്ണം തോറ്റു, നാലില്‍ സമനില. എതിര്‍വലയില്‍ 12 ഗോളുകള്‍ നിക്ഷേപിച്ചപ്പോള്‍, സ്വന്തം വലയില്‍ വീണത് 21 എണ്ണം. പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും പാളിച്ച അവര്‍ക്ക് തിരിച്ചടിയായി. മാര്‍ക്വീ താരമായ ലുങ്ബര്‍ഗിന് നാലു കളിയില്‍ മാത്രമെ ബൂട്ടണിയാനായുള്ളു. വിടാതെ പിന്തുടര്‍ന്ന പരിക്ക് കരാര്‍ പൂര്‍ത്തിയാക്കാതെ മടങ്ങാന്‍ ലുങ്ബര്‍ഗിനെ നിര്‍ബന്ധിതനാക്കി. അനല്‍ക്കയ്‌ക്കാകട്ടെ ഫോം കണ്ടെത്താനുമായില്ല.
ലീഗിന്റെ തന്നെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് 3-0ന് പരാജയപ്പെട്ട അവര്‍ അടുത്ത മത്സരത്തില്‍ ശക്തമായി തിരിച്ചുവന്നു. മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍മറുപടിയില്ലാത്ത അഞ്ച് ഗോളിന് പൂനെ സിറ്റിയെ തകര്‍ത്തു. സ്വന്തം മൈതാനത്ത് ഒരു ടീമിന്റെ ഏറ്റവും വലിയ വിജയവുമായി ഇത്. ഈ കളിയില്‍ മുംബൈയുടെ ആന്ദ്രെ മോറിറ്റ്‌സ് ടൂര്‍ണമെന്റിലെ ഏക ഹാട്രിക്കിനും അവകാശിയായി. എന്നാല്‍, തുടര്‍ന്നങ്ങോട്ട് ഈ പ്രകടനം നിലനിര്‍ത്താനായില്ല ടീമിന്. തൊട്ടുത്ത മത്സരത്തില്‍ സ്വന്തം മൈതാനത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് 2-0ന് പരാജയപ്പെട്ട മുംബൈ, അടുത്ത കളിയില്‍ ചെന്നൈയോടും തോറ്റു.
ആദ്യ സീസണില്‍ ഏറ്റവും കുടുതല്‍ ഗോള്‍ പിറന്ന മത്സരമായി ഇത്. ഒന്നിനെതിരെ അഞ്ച് ഗോളിന് മുംബൈയുടെ തോല്‍വി. എവേ മത്സരത്തിലെ വലിയ ജയവും മുംബൈയുടെ പേരില്‍. ചെന്നൈയെ 3-0ന് കീഴടക്കി. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കാന്‍ കഴിയാതിരുന്ന ടീമുകളിലൊന്നും മുംബൈ സിറ്റി. ആറ് കളികള്‍. ഏഴ് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ ബ്രസീലിയന്‍ താരം ആന്ദ്രെ മോറിറ്റ്‌സാണ ടീമിന്റെ ടോപ് സ്‌േകാറര്‍.
ഈ കോട്ടങ്ങളെല്ലാം മറികടക്കാന്‍ ഇത്തവണ ടീമിന്റെ ശ്രമം. അനല്‍ക്കയെ ടീമിന്റെ മാര്‍ക്വീ താരവും മാനേജരുമാക്കി. കഴിഞ്ഞ വര്‍ഷത്തെ മുഖ്യപരിശീലകന്‍ പീറ്റര്‍ റീഡിനെയും സഹപരിശീലകന്‍ സ്റ്റീവ് ഡാര്‍ബിയെയും മാറ്റിയാണ് അനല്‍ക്കയ്‌ക്കും സംഘത്തിനും ചുമതല നല്‍കിയത്. സ്‌പെയിനിന്റെ ഓസ്‌കാര്‍ ബ്രുസണും ഇന്ത്യക്കാരനായ അലക്‌സ് അംബ്രോസും അനല്‍ക്കയെ സഹായിക്കും. ഗോള്‍ കീപ്പിങ് കോച്ചായി സ്‌പെയിനിന്റെ മാര്‍ട്ടിന റ്യൂയിസും.
മുന്നേറ്റനിരയിലും മധ്യനിരയിലും പ്രതിരോധത്തിലും മികച്ച താരങ്ങളെ സ്വന്തമാക്കി.
ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി അവരില്‍ പ്രമുഖന്‍. ആന്ദ്രെ മോറിറ്റ്‌സ്, ചെക്ക് പ്രതിരോധനിരതാരം പവേല്‍ കാമോസ്, സ്പാനിഷ് മിഡ്ഫീല്‍ഡര്‍മാര്‍ ജുവാന്‍ അഗ്വിലേറ, ക്രിസ്റ്റ്യന്‍ ബസ്റ്റാസ്, ടുണീഷ്യന്‍ മിഡ്ഫീല്‍ഡര്‍ സെലിം ബെനാക്കോര്‍, ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഫ്രെഡ്രിക് പിക്വിയോനെ, ടുണീഷ്യന്‍ ദേശീയ താരങ്ങള്‍ ഫ്രാന്റ്‌സ് ബെര്‍ട്ടിന്‍ (ഡിഫന്റര്‍), സോണി നോര്‍ദെ (സ്‌ട്രൈക്കര്‍), സ്പാനിഷ് പ്രതിരോധനിര താരം ഫെര്‍ണാണ്ടസ് ലോപ്പസ്, അയര്‍ലന്‍ഡ് ദേശീയ താരം ഡാരന്‍ ഡിയ എന്നിവരെ ഇത്തവണ പാളയത്തിലെത്തിച്ചു ടീം മാനേജ്‌മെന്റ്. കഴിഞ്ഞ വര്‍ഷം ഗോള്‍വല കാത്ത സുബ്രതാപാല്‍ തഈ സീസണിലും ഒന്നാം നമ്പര്‍ ഗോളി. അനല്‍ക്കയ്‌ക്കൊപ്പം ഛേത്രിയും മോറിറ്റ്‌സും ചേരുമ്പോള്‍ മുന്നേറ്റനിര അതിശക്തം. അതുതന്നെ അവരുടെ ആത്മവിശ്വാസവും.
സീസണിന് മുന്നോടിയായുള്ള പരിശീലനം ദുബായില്‍. അവിടെ ചില സന്നാഹ മത്സരങ്ങളും കളിച്ചാണ് മുംബൈ സിറ്റി രണ്ടാം പതിപ്പിന് ഒരുങ്ങുന്നത്.ഒക്ടോബര്‍ അഞ്ചിന് പൂനെയിലെ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ പൂനെ സിറ്റി ഈ സീസണിലെ ആദ്യ എതിരാളികള്‍.
ടീം: ഗോള്‍കീപ്പര്‍മാര്‍: സുബ്രതാപാല്‍, ദേബ്ജിത് മജുംദാര്‍, അല്‍ബിനോ ഗോമസ് (ഇന്ത്യ). പ്രതിരോധം: അശുതോഷ് മെഹ്ത, കീഗന്‍ പെരേര, കിങ്ഷൗക്ക് ദേബ്‌നാഥ് (ഇന്ത്യ), ഫ്രാന്റ്സ് ബെര്‍ട്ടില്‍ (ഹെയ്തി), ഡാരന്‍ ഡിയ (അയര്‍ലന്‍ഡ്), പവേല്‍ കമോസ് (ചെക്ക് റിപ്പബ്ലിക്ക്), ഫെര്‍ണാണ്ടസ് ലോപ്പസ് (സ്‌പെയിന്‍). മധ്യനിര: ആന്ദ്രെ മോറിറ്റ്‌സ് (ബ്രസീല്‍), ജുവാന്‍ അഗ്വിലേറ, ക്രിസ്റ്റ്യന്‍ ബസ്റ്റാസ് (സ്‌പെയിന്‍), സെലിം ബെനാക്കോര്‍, (ടുണീഷ്യ), സോണി നോര്‍ദേ (ഹെയ്തി), പ്രദേശ് ശിരോദ്കര്‍, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, ലാല്‍റിന്‍തിക റാള്‍ട്ടെ, ലാല്‍ചുന്‍ മാവിയ, സമ്പത്ത് കുട്ടിമാണി (ഇന്ത്യ). സ്‌ട്രൈക്കര്‍മാര്‍: നിക്കോളാസ് അനല്‍ക്ക, ഫ്രെഡ്രിക് പിക്വിയോനെ (ഫ്രാന്‍സ്), സുനില്‍ ഛേത്രി, സുഭാഷ് സിങ് (ഇന്ത്യ).
















