ന്യൂദല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂനെയിലെ യെര്‍വാദാ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് മാപ്പ് നല്‍കില്ലെന്ന് മഹാരാഷ്‌ട്രാ ഗവര്‍ണര്‍.
സഞ്ജയ്‌ക്ക് മാപ്പ് നല്‍കി, ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ സുപ്രീം കോടതി ജഡ്ജിയായ മാര്‍ക്കണ്ടേയ ഖഡ്ജു സമര്‍പ്പിച്ച ഹര്‍ജി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തള്ളി. സഞ്ജയ് കുറ്റക്കാരനെന്ന് സുപ്രീം കോടതി ശരി വച്ചതാണെന്നും അതില്‍ ഇടപെടുന്നത് ശരിയല്ലെന്നുമുള്ള സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് ഗവര്‍ണര്‍ പരാതി തള്ളിയതെന്നാണ് വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്.അഞ്ച് വര്‍ഷത്തേക്കായിരുന്നു ശിക്ഷ. പിന്നീട് കോടതി അത് നാല് വര്‍ഷമായി ഇളവ് ചെയ്തു.
2013 മേയ് മുതല്‍ ജയിലില്‍ കഴിയുന്ന ദത്ത് വിചാരണ കാലയളവില്‍ ഉള്‍പ്പടെ 42 മാസങ്ങള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവില്‍ മകളുടെ മൂക്കിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് പരോളിലാണ് സഞ്ജയ്. സഞ്ജയ് ദത്തിന് നിരന്തരം പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
















