തിരുപ്പതി: ലോകപ്രശസ്ത തീര്‍ഥാടന കേന്ദ്രമായ തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഇനി ദളിതര്‍ക്കും പൂജാരിമാരാകാം. ദളിതരടക്കമുള്ള അബ്രാഹ്മണര്‍ക്ക് പൂജാദി കാര്യങ്ങളില്‍ പരിശീലനം നല്‍കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ തീരുമാനിച്ചു. ഇരുനൂറിലേറെപ്പേര്‍ക്ക് പൂജയിലും മറ്റു ക്ഷേത്രകാര്യങ്ങളിലും മൂന്നു മാസത്തെ തീവ്രപരിശീലനം നല്‍കി സര്‍ട്ടിഫിക്കറ്റ് കൊടുക്കും. അവരെ ദേവസ്വത്തിന്റെ കീഴിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ നിയമിക്കും. ആദ്യ ഘട്ടത്തില്‍ ചിറ്റൂര്‍, ഗോദാവരി ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പരിശീലനം നല്‍കുക.
വിശ്വപ്രസിദ്ധവും ലോകത്തേറ്റവും സമ്പന്നവുമായ തിരുപ്പതി ദേവസ്ഥാനത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു നടപടി. മുന്‍പ് ദേവസ്വം വനവാസികള്‍ക്ക് പൂജാദികാര്യങ്ങളില്‍ ഹ്രസ്വകാല പരിശീലനം നല്‍കിയിരുന്നു. ഇക്കുറി വിപുലമായ പരിശീലനമാണ് നല്‍കുക. ഒടുവില്‍ ശ്രീ വെങ്കിടേശ്വരാ വേദിക് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റും നല്‍കും. തിരുപ്പതി ദേവസ്വം വിദൂര ഗ്രാമങ്ങളില്‍ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പുതുതായി പൂജ പഠിച്ചുവരുന്നവരെ ആദ്യം ഈ ക്ഷേത്രങ്ങളിലും നിയമിക്കും. ആന്ധ്രാ ദേവസ്വം മന്ത്രി പി മാണിക്യ റാവു അറിയിച്ചു.
നേരത്തെ ദളിത് യുവാക്കള്‍ക്ക് പ്രസാദം നിവേദിക്കാന്‍ പരിശീലനം നല്‍കിയിരുന്നു. അതിന്റെ തുര്‍ടച്ചയായിട്ടാണ് സമ്പൂര്‍ണ്ണ പൂജാ പഠനം. വിവാഹ മുഹൂര്‍ത്ത നിശ്ചയം, വേദ മന്ത്രങ്ങള്‍, യോഗ തുടങ്ങിയവയെല്ലാം പഠിപ്പിക്കും.
















