ഒരുകാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നഴ്‌സറിയായിരുന്നു ബംഗാളും കേരളവും. എന്നാല്‍, സമീപകാലത്ത് ആ സ്ഥാനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഏറ്റെടുത്തു. രാജ്യത്തെ മുന്‍നിര താരങ്ങളുടെ പട്ടികയെടുത്താല്‍ ഏതു പൊസിഷനിലും ഏതു പ്രായത്തിലും വടക്കുക്കിഴക്കിന്റെ സന്തതികളുണ്ടാകും. ഐഎസ്എല്‍ ഫുട്‌ബോളിന്റെ ആദ്യ പതിപ്പിന് ഈ പ്രൗഢിയോടെയും പകിട്ടോടെയുമാണ് നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങിയത്. ബോളിവുഡ് സൂപ്പര്‍താരം ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ടീം നിരവധി മികച്ച താരങ്ങളെയും അണിനിരത്തി.
എന്നാല്‍, അതൊന്നും കളത്തില്‍ കണ്ടില്ല. ആദ്യ സീസണിലെ അവസാനക്കാരെന്ന പേരുദോഷവും പേറിയാണ് ടീം കളമൊഴിഞ്ഞത്. അതെല്ലാം പഴയ ചരിത്രം. കളിക്കളത്തിലെ പ്രകടനത്തിന് ചരിത്രത്തിന് വലിയ പ്രസക്തിയൊന്നുമില്ല. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളിത്തൊട്ടിലാണ് തങ്ങളെന്ന് ഉറപ്പിക്കാന്‍ നോര്‍ത്ത്ഈസ്റ്റ് അരയും തലയും മുറുക്കി സജ്ജം.
കഴിഞ്ഞ സീസണില്‍ കളിച്ച 14ല്‍ മൂന്നില്‍ മാത്രമെ ജയം തുണച്ചുള്ളു. അഞ്ചെണ്ണം തോറ്റപ്പോള്‍, ആറെണ്ണത്തില്‍ ഫലമുണ്ടായില്ല. ആകെ 11 ഗോളുകള്‍ നേടിയ ടീം 13 എണ്ണം വഴങ്ങി. കഴിഞ്ഞവട്ടം നോര്‍ത്ത്ഈസ്റ്റിന്റെ മിന്നും ജയം ചെന്നൈയിന്‍ എഫ്‌സിക്കെതിരെ.
ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ മടക്കമില്ലാത്ത മൂന്നു ഗോളിന് ജയിച്ചു ഇവര്‍. ഗോവയോട് 3-0ന് തോറ്റത് വലിയ പരാജയവും. മികച്ച സ്‌ട്രൈക്കറുടെ അഭാവം കഴിഞ്ഞ തവണ ടീമിന് തിരിച്ചടിയായി. കേരള ബ്ലാസ്റ്റേഴ്‌സിനെ 1-0ന് കീഴടക്കി പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും, മികവ് നിലനിര്‍ത്താനായില്ല. 12 കളികളില്‍ നിന്ന് നാല് ഗോള്‍ നേടിയ സ്പാനിഷ് താരം കോകെ ടോപ് സ്‌കോറര്‍. ഇത്തവണ കോകെ ടീമിലില്ല. കഴിഞ്ഞ തവണ മാര്‍ക്വീ താരമായിരുന്ന ജോണ്‍ കേപ്ഡിവില്ല, ഇംഗ്ലണ്ടിന്റെ ജെയിംസ് കീന്‍, ട്രിനിഡാഡിന്റെ കോര്‍ണല്‍ ഗ്ലെന്‍ തുടങ്ങിയ പ്രമുഖരും ഇത്തവണയില്ല. ആദ്യ സീസണില്‍ ബാറിനു കീഴില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പ്രശംസ നേടിയ മലയാലി ഗോള്‍കീപ്പര്‍ ടി.പി. രഹനേഷ് ഇത്തവണയും ടീമിന്റെ പ്രതീക്ഷ. ടീമിലെ ഏക മലയാളിയും രഹനേഷ്. കഴിഞ്ഞ തവണ 12 കളികളില്‍ രഹനേഷ് ഗോള്‍വല കാത്തു.
പരിശീലകന്‍ മുതലുള്ളവരെ മാറ്റിപ്രതിഷ്ഠിച്ചാണ് ഇത്തവണ ടീമെത്തുന്നത്. ലക്ഷ്യം ഒന്നു മാത്രം മുന്‍നിരയില്‍ സ്ഥാനം. ന്യൂസിലാന്‍ഡില്‍നിന്നുള്ള റിക്കി ഹെബാര്‍ട്ടിനെ നീക്കി, വെനസ്വേലയുടെ സെസാര്‍ ഫാരിയാസിനെ പരിശീലക ചുമതലയേല്‍പ്പിച്ചു. 2007 മുതല്‍ 2013 വരെ വെനസ്വേല ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്നു സെസാര്‍ ഫാരിയാസ്. ചരിത്രത്തിലാദ്യമായി വെനസ്വേലയെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലിലെത്തിച്ചത് ഫാരിയസിന്റെ തന്ത്രങ്ങളാണ്. 2011ലെ കോപ്പയിലാണ് ഈ ചരിത്രനേട്ടം. 2008-ല്‍ അണ്ടര്‍ 20 ദേശീയ ടീമിന്റെ പരിശീലകനായ ഫാരിയാസ് 2009ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പിലേക്ക് ടീമിന് യോഗ്യത നേടിക്കൊടുത്തു. ഈ മികവ് ഫാരിയസില്‍ വിശ്വാസമര്‍പ്പിക്കാന്‍ ക്ലബ്ബിനെ പ്രേരിപ്പിച്ചു. വെനസ്വേലക്കാരന്‍ ഗ്വില്ലെര്‍മോ സാഞ്ചസും, ഇന്ത്യയില്‍നിന്നുള്ള സന്തോഷ് കശ്യപും ടീമിന്റെ സഹപരിശീലകര്‍.
കഴിഞ്ഞവട്ടം ചെന്നൈയിന്‍ എഫ്‌സിയുടെ വല കാത്ത ഫ്രഞ്ച് താരം ഗന്നാരൊ ബ്രാസിഗ്ലിയാനോയെ പാളയത്തിലെത്തിച്ചത് നോര്‍ത്ത് ഈസ്റ്റിന്റെ മറ്റൊരു നേട്ടം. ഗോള്‍കീപ്പിങ് പരിശീലകന്റെ റോള്‍ കൂടിയുണ്ട് ഗന്നാരൊക്ക്. മാര്‍ക്വീ താരമായി എത്തുന്നത് മുപ്പത്തിയഞ്ചകാരന്‍ പോര്‍ച്ചുഗീസ് മിഡ്ഫീല്‍ഡര്‍ സിമാവോ സബ്രോസ. ബാഴ്‌സലോണയുടെയും അത്‌ലറ്റികോ മാഡ്രിഡിന്റെയും ബെന്‍ഫിക്കയുടെയും മുന്‍താരമായ സബ്രോസ എസ്പാനിയോളില്‍ നിന്നാണ് വരുന്നത്. 1998 മുതല്‍ 2010 വരെ പോര്‍ച്ചുഗീസ് ദേശീയ ടീമിന്റെ അവിഭാജ്യഘടമായിരുന്ന സബ്രോസ 85 മത്സരങ്ങളില്‍ നിന്നായി 22 ഗോളുകള്‍ നേടിയിട്ടുണ്ട്. മികച്ച മധ്യനിരക്കാരനെന്ന പേരെടുത്ത ഇദ്ദേഹം ടീമിനെ മുന്നോട്ടു നയിക്കുമെന്ന് ഉറപ്പുണ്ട് മാനെജ്‌മെന്റിന്. കഴിഞ്ഞ വര്‍ഷത്തെ നായകനും പ്രതിരോധത്തിലെ കരുത്തനുമായ മിഗ്വേല്‍ ഗാര്‍ഷ്യയെ നിലനിര്‍ത്തി. ബ്ലാസ്റ്റേറ്റേഴ്‌സിന്റെ പ്രതിരോധം കാത്ത ഫ്രഞ്ച് താരം സെഡ്രിക് ഹെങ്ബര്‍ട്ടിനെയും ജോണ്‍ എബ്രഹാം സ്വന്തം പാളയത്തിലെത്തിച്ചു.
മധ്യനിരയില്‍ വലിയ താരം ബ്രൂണോ ഹെരേര. കഴിഞ്ഞ സീസണില്‍ ദല്‍ഹി ഡൈനാമോസിന്റെ മധ്യനിരയെ നിന്ത്രിച്ച താരത്തെയും തങ്ങളുടെ ഭാഗമാക്കി നോര്‍ത്ത്ഈസ്റ്റ്. 2006 മുതല്‍ ഐവറി കോസ്റ്റ് ദേശീയ ടീമിന്റെ സ്‌ട്രൈക്കറായ ബൗബാക്കര്‍ സനോഗോ, ഐ ലീഗ് ടീം ഷില്ലോങ് ലജോങ് എഫ്‌സിയില്‍ നിന്ന് വായ്‌പാടിസ്ഥാനത്തില്‍ സ്വന്തമാക്കിയ സാംബിയന്‍ ലോകകപ്പ് താരം കോണ്‍ഡ്‌വാനി മോംഗ, സെനഗല്‍ ദേശീയ താരം ഡിയോമാന്‍സി കമാറയും ഈ സീസണില്‍ ടീമിന്റെ കരുത്തുകൂട്ടും. അര്‍ജന്റീനയുടെ സാന്നിധ്യമാണ് ലീഗിന്റെ ഇത്തവണത്തെ വലിയ പ്രത്യേകത. അതിനുള്ള കടപ്പാട് നോര്‍ത്ത്ഈസ്റ്റിനോടും. ഇരുപത്തിയഞ്ചുകാരന്‍ നിക്കോളസ് വാലസ് ആണ് ആ അര്‍ജന്റൈന്‍. സ്‌ട്രൈക്കറായ വാലസിനെ സിംഗപ്പൂര്‍ വാറിയേഴ്‌സില്‍നിന്നാണ് ടീം കൊണ്ടുവന്നത്.
മുന്നൊരുക്കമായി ദക്ഷിണാഫ്രിക്കയിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലനം ത്തിയത്. 2010 ലോകകപ്പിന്റെ വേദികളിലൊന്നായ ഡര്‍ബനിലെ മോസസ് മബ്ഹിദ സ്റ്റേഡിയത്തിലുള്‍പ്പെടെയായിരുന്നു പരിശീലനം. ഇത്തവണ നോര്‍ത്ത്ഈസ്റ്റിന് ആദ്യ അങ്കം കൊച്ചിയില്‍. ബ്ലാസ്റ്റേഴ്‌സുമായി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പടയോട്ടം തുടങ്ങും നോര്‍ത്ത്ഈസ്റ്റ്. ഒക്‌ടോബര്‍ ആറിന് രാത്രി ഏഴിന് കിക്കോഫ്.
ടീം: ഗോള്‍കീപ്പര്‍മാര്‍: ടി.പി. രഹനേഷ്, ലാല്‍തുംമാവിയ രാള്‍ട്ടെ (ഇന്ത്യ), ഗെന്നാരോ ബ്രാസിഗ്ലിയാനോ (ഫ്രാന്‍സ്) പ്രതിരോധനിര: മിഗ്വേല്‍ ഗാര്‍ഷ്യ (പോര്‍ച്ചുഗല്‍), സെഡ്രിക് ഹെങ്ബര്‍ട്ട് (ഫ്രാന്‍സ്), റോബിന്‍ ഗുരുങ്, ഐബോര്‍ലാങ് കോങ്ജീ, യുമ്‌നം രാജു, സോഹ്മിംഗ്ലിയാന രാള്‍ട്ടെ, റീഗന്‍ സിങ് (ഇന്ത്യ). മധ്യനിര: മാര്‍ലാന്‍ഗി സുട്ടിങ്, അലന്‍ ഡിയോറി, ബോയ്താങ് ഹോകിപ്, സഞ്ജു പ്രധാന്‍, സെയ്ത്യാസെന്‍ സിങ്, സിയാം ഹാങ്ഗല്‍ (ഇന്ത്യ) ബ്രൂണോ ഹെരേരോ (സ്‌പെയിന്‍), സിമാവോ സബ്രോസ, സിലാസ് (പോര്‍ച്ചുഗല്‍), കോണ്ട്‌വാനി മോംഗ (സാംബിയ). മുന്നേറ്റനിര: ഹോളിചരണ്‍ നര്‍സാരി (ഇന്ത്യ), ഫ്രാന്‍സിസ് ഡഡ്‌സി (ഘാന), ബൗബാക്കര്‍ സനോഗോ (ഐവറി കോസ്റ്റ്), ഡിയോമാന്‍സി കമാറ (സെനഗല്‍), നിക്കോളാസ് വാലസ് (അര്‍ജന്റീന).
















