റോം: ഇറ്റാലിയന്‍ സീരി എയില്‍ കരുത്തരായ എസി മിലാന് തുടര്‍ച്ചയായ രണ്ടാം ജയം. കഴിഞ്ഞ ശനിയാഴ്ച പലേര്‍മോയെ പരാജയപ്പെടുത്തി എസി മിലാന്‍ ഇന്നലെ ഉദിനെസെയെ കീഴടക്കി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മിലാന്റെ വിജയം. ഉദിനെസെയുടെ തുടര്‍ച്ചയായ നാലാം പരാജയമാണിത്. മിലാനിലേക്ക് തിരിച്ചെത്തിയ മരിയോ ബലോട്ടെല്ലിയിലൂടെയാണ് മിലാന്‍ ആദ്യ ഗോള്‍ നേടിയത്.
അഞ്ചാം മിനിറ്റില്‍ സുന്ദരമായ ഫ്രീകിക്കിലൂടെയാണ് മരിയോ ബലോട്ടെല്ലി മടങ്ങിവരവിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. അഞ്ച് മിനിറ്റിനുശേഷം മിലാന്‍ ജിയാകോമോ ബൊണാവെന്‍ച്വറിലൂടെ ലീഡ് ഉയര്‍ത്തി. റിക്കാര്‍ഡോ മോണ്ടോലിവോ ഒരുക്കിയ അവസരത്തിലാണ് ബൊണാവെന്‍ച്വര്‍ ഇടംകാല്‍ ഷോട്ടിലൂടെ ഗോള്‍ നേടിയത്. തുടര്‍ന്നും തകര്‍പ്പന്‍ മുന്നേറ്റം നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ആദ്യപകുതിയുടെ പരിക്കുസമയത്ത് മിലാന്‍ മൂന്നാം ഗോളും നേടി. ജിയാകോമോ ബൊണാവെന്‍ച്വറെടുത്ത കോര്‍ണര്‍ ക്രിസ്റ്റിയന്‍ സപാട്ട ഹെഡ്ഡറിലൂടെ ഉദിനെസെ വലയിലെത്തിച്ചു. ഇതിനിടെ ഉദിനെസെയും ചില നല്ല നീക്കങ്ങള്‍ എതിര്‍ ബോക്‌സിലേക്ക് നടത്തി. ഇതോടെ ആദ്യ പകുതിയില്‍ മിലാന്‍ 3-0ന് മുന്നിട്ടുനിന്നു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. വര്‍ദ്ധിതവീര്യത്തോടെ പൊരുതാനിറങ്ങിയ ഉദിനെസെ 51-ാം മിനിറ്റില്‍ ആദ്യഗോള്‍ മടക്കി. അന്റോണിയോ നതാലെയുടെ പാസില്‍ നിന്ന് ഇമ്മാനുവല്‍ ബാഡുവാണ് സ്‌കോര്‍ ചെയ്തത്. ഏഴ് മിനിറ്റിനുശേഷം ഉദിനെസെ രണ്ടാം ഗോളും മടക്കി. ഡുവാന്‍ സപാട്ടയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. തുടര്‍ന്ന് സമനിലക്കായി ഉദിനെസെ താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമഴ നടത്തിയെങ്കിലും മിലാന്‍ പ്രതിരോധവും ഗോള്‍കീപ്പറും അവസരത്തിനൊത്തുയര്‍ന്നതോടെ ശ്രമങ്ങളെല്ലാം വിഫലമായി. വിജയത്തോടെ അഞ്ച് കളികളില്‍ നിന്ന് 9 പോയിന്റുമായി എസി മിലാന്‍ നാലാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
















