താമരശ്ശേരി: നദികളുടെ നാശം ചെറുക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ഒത്തൊരുമിക്കുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും കണ്ണിചേര്‍ത്ത് നടത്തുന്ന പദ്ദതിയുടെ ഉദ്ഘാടനം മുക്കത്തെ ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് നടക്കും. ഒക്‌ടോബര്‍ 2, 3 തിയ്യതികളിലാണ് പരിപാടി. നദീ സംരക്ഷണ പ്രതിജ്ഞ, പരിസ്ഥിതി പ്രവര്‍ത്തക സംഗമം, ദേശീയ ശാസ്ത്ര സെമിനാര്‍, പരിസ്ഥിതി പ്രവര്‍ത്തക പരശീലനം എന്നിവ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നിര്‍വ്വഹിക്കും. സി. മോയിന്‍കുട്ടി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം. തോമസ്, ശാസ്ത്രജ്ഞര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അഞ്ഞൂറ് വിദ്യാര്‍ത്ഥികളും അഞ്ഞൂറ് സന്നദ്ധ പ്രവര്‍ത്തകരും പ്രതിനിധികളായി പങ്കെടുക്കും. പരിപാടിയുടെ വിളംബര റാലി സപ്തംബര്‍ ഇരുപത്തി ഒമ്പതിന് വൈകിട്ട് മൂന്ന് മണിക്ക് മുക്കം വെന്റ് ലൈന്‍ പൈപ്പ് പാലത്തില്‍ നിന്ന് ആരംഭിക്കും. സംഘാടക സമിതി രൂപീകരണ യോഗം കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. എ.വി. സുധാകരന്‍, ഗോവിന്ദന്‍കുട്ടി, ഒ.സി. മുഹമ്മദ്, അഷ്‌റഫ് കൂടത്തായി, എസ്. കമറുദ്ദീന്‍, രാമചന്ദ്രന്‍, നസീര്‍ കുളക്കാടന്‍ സംസാരിച്ചു.
അഷ്‌റഫ് കൂടത്തായി ചെയര്‍മാനും ടി.വി. രാജന്‍ കണ്‍വീനറും ഒ.സി. മുഹമ്മദ് ട്രഷററുമായി നൂറ്റി ഒന്ന് അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.
















