കൊല്ലം: കേരളത്തിലെ അഴിമതിക്കാരെ തുടച്ചുനീക്കുന്നതായിരിക്കും വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ-നിയമസഭ ഇലക്ഷനുകളെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ പറഞ്ഞു.
കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ സൈക്കിള്‍ റാലിയുടെ സമപാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ കേരളത്തില്‍ അഴിമതി പണം പങ്കിടുന്നവരാണ് ഇടത്-വലത് മുന്നണികളെന്ന് സോളാര്‍ സമരത്തിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. കേരളത്തില്‍ നടക്കുന്ന മതപ്രീണനത്തിന്റെ തെളിവാണ് ഭൂരിപക്ഷ സമുദായങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍. നരേന്ദ്രമോദിസര്‍ക്കാര്‍ കേന്ദ്രത്തിലധികാരത്തിലേത്തിയതിന് ശേഷം കേരളത്തിന് വാരിക്കോരികൊടുക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഇരുമുന്നണികളും ശ്രമിക്കുന്നു. സിപിഎം കേരളത്തില്‍ അവസാനകാലഘട്ടത്തിലൂടെ കടന്നു പോയികൊണ്ടിരിക്കുകയാണെന്നും ആയിരക്കണക്കിന് പേരാണ് ആ പാര്‍ട്ടിയില്‍ നിന്നും ദിനംപ്രതി കൊഴിഞ്ഞു പോകുന്നതെന്നും പി.സുധീര്‍ കൂട്ടിചേര്‍ത്തു. ജില്ലാ വൈസ് പ്രസിഡന്റ് ശ്രേയസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സജി കരവാളൂര്‍ ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ.വിനോദ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.ബി.പ്രതീഷ്, ജില്ലാസെക്രട്ടറിമാരായ രാജ്‌മോഹന്‍, രതീഷ് എന്നിവര്‍ സംസാരിച്ചു.
ജാഥ ക്യാപ്റ്റന്‍ അഡ്വ.ആര്‍.എസ്. പ്രശാന്തിനെ യുവമോര്‍ച്ച കൊല്ലം മണ്ഡലം പ്രസിഡന്റ് അഡ്വ.മിത്രന്‍ പൂമാലയിട്ടു സ്വീകരിച്ചു.
വിവിധ പഞ്ചായത്തുകമ്മിറ്റികളുടെയും ബൂത്ത് കമ്മിറ്റികളുടെയും യുവമോര്‍ച്ച യുണിറ്റ് കമ്മിറ്റികളുടെയും നേതാക്കള്‍ ഷാള്‍ അണിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.
















