കൊല്‍ക്കത്ത: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം മയൂഖ ജോണിക്ക് സ്വര്‍ണം. ട്രിപ്പിള്‍ ജംപില്‍ നിലവിലെ ദേശീയ മീറ്റ് റെക്കോഡിനുടമയായ മയൂഖ 13.78 മീറ്റര്‍ ചാടിയാണ് സ്വര്‍ണം നേടിയത്. ഒഎന്‍ജിസിക്കു വേണ്ടിയാണ് മയൂഖ ട്രാക്കിലിറങ്ങിയത്. റെയില്‍വേക്കു വേണ്ടി മത്സരിച്ച മലയാളി താരം എം.എ. പ്രജുഷയ്‌ക്ക് വെള്ളി (12.79 മീ), കേരളത്തിനായി ഇറങ്ങിയ ശില്‍പ്പ ചാക്കോയും ഇതേ ദൂരം താണ്ടിയെങ്കിലും കുറച്ച് അവസരങ്ങള്‍ പ്രജുഷയെ രണ്ടാമതെത്തിച്ചു.
പുരുഷന്മാരുടെ ഹൈജംപില്‍ ഒഎന്‍ജിസിയുടെ ജഗദീപ് സിങ്ങിന് സ്വര്‍ണം (2.16 മീറ്റര്‍). ഒഎന്‍ജിസിയുടെ എസ്. ഹര്‍ഷിത്തും ഇതേ ഉയരം മറികടന്നെങ്കിലും കുറവ് അവസരങ്ങള്‍ ജഗദീപിനെ സ്വര്‍ണത്തിലേക്കു നയിച്ചു. വനിതകളുടെ ജാവലിന് ത്രോയില്‍ റെയില്‍വേയുടെ അനു റാണി (58.85 മീറ്റര്‍) സ്വര്‍ണം നേടി. പുരുഷന്മാരുടെ 2000 മീറ്റര്‍ നടത്തത്തില്‍ ഗുജറാത്തിന്റെ ബാബിഭായി പനോച്ചയ്‌ക്ക് സ്വര്‍ണം. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോയില്‍ സര്‍വീസസിന്റെ ധര്‍മരാജിനും സ്വര്‍ണം. മീറ്റ് ഇന്നു സമാപിക്കാനിരിക്കെ റെയില്‍വേ ഒന്നാമത് തുടരുന്നു.
















