വാഴൂര്‍: പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ കാരുണ്യം കൊണ്ടാണ് സിപിഎമ്മിന്റെ ദേശീയ പദവി നഷ്ടപ്പെടാത്തതെന്ന് ബിജെപി ദേശീയ സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി വാഴൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നിന്നും സിപിഎം തൂത്തെറിയപ്പെടുകയാണ്. കേരളത്തിലും പാര്‍ട്ടി അപചയം നേരിടുകയാണ്. പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കഴിയുന്നതോടെ സംസ്ഥാനത്ത് രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിയുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് എം.കെ. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള രാജീവ് ഗാന്ധി പുരസ്‌കാരം ലഭിച്ച വാഴുര്‍ ഗ്രാമപഞ്ചായത്തംഗം വി.എന്‍. മനോജിനെ അനുമോദിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. കണ്ണന്‍, ജനറല്‍ സെക്രട്ടറി ടി.ബി. ബിനു, ഗ്രാമപഞ്ചായത്തംഗം ലീലാമണി ബാലചന്ദ്രന്‍, എസ്. ശിവരാമ പണിക്കര്‍, പി.കെ. ചന്ദ്രന്‍, ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















