മുക്കം: കരിങ്കല്‍ ക്വാറിയില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ പിടിയിലായിട്ടും നടപടി സ്വീകരിക്കാതെ വിട്ടുകൊടുത്ത സിഐക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. തോട്ടുമുക്കം മാടാമ്പിയില്‍ വി.എം. മുരളീധരന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയില്‍ നിന്നാണ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും മുക്കം സബ് ഇന്‍സ്‌പെക്ടറും റെയ്ഡ് നടത്തി ലൈസന്‍സില്ലാതെ സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ചത് കണ്ടെത്തിയത്.
എന്നാല്‍ നടപടിയൊന്നും സ്വീകരിക്കാതെ വിട്ടുകൊടുത്ത സംഭവത്തിന് സാക്ഷികളായവര്‍ തെളിവു സഹിതം ഇക്കാര്യം വിജിലന്‍സിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുള്ളതായി ബോധ്യപ്പെട്ടത്തിനെതുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ വകുപ്പുതല ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ജില്ലാ പോലീസ് സൂപ്രണ്ട് ശുപാര്‍ശ ചെയ്തത്.
















