യമുനയുടെ തീരത്ത് ചര്‍ച്ചയിലാണ്ടിരിക്കുന്ന കൃഷ്ണന്റെയും അര്‍ജുനന്റെയും സമീപത്തേയ്‌ക്ക്
അസുരശില്പി മയന്‍ വന്നുചേര്‍ന്നു. ഇരുവരേയും ആവശ്യത്തിലേറെ വണങ്ങി നിന്നപ്പോള്‍ കൃഷ്ണന്‍ വിവരങ്ങള്‍ തിരക്കി.
അപ്പോള്‍ മയന്‍ പറഞ്ഞു. എനിക്ക് അര്‍ജുനനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. കാരണം ”അര്‍ജുനന്‍ ഖാണ്ഡവ വനം ദഹിപ്പിച്ചുകൊള്ളാന്‍ അഗ്നിയെ അനുവദിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ഞങ്ങളെ വളരെ സുരക്ഷിതമാക്കിയതിനുശേഷമാണ് ഖാണ്ഡവവനം കത്തിയമര്‍ന്നത്. അതിന്നാല്‍ പ്രത്യുപകാരമെന്തെങ്കിലും ചെയ്താല്‍ക്കൊള്ളാമെന്നുണ്ട്.”
അര്‍ജുനന്‍ പറഞ്ഞു ”പ്രാണനെ രക്ഷിച്ചതിന് പ്രത്യുപകാരം സ്വീകരിക്കുന്നത് തീര്‍ത്തും അനുചിതം തന്നെയാണ്. അങ്ങനെയൊന്നും ഞാന്‍പ്രതീക്ഷിച്ചിട്ടുമില്ല പ്രതീക്ഷിക്കുന്നുമില്ല.”
”അര്‍ജുനന്‍ പറഞ്ഞത് തീര്‍ത്തും ശരിതന്നെയാണ് അതിന്നാല്‍ ഒരുകാര്യം ചെയ്തുകൊള്ളൂ. പാണ്ഡവരാജ്യത്ത് ഒന്നാന്തരം ഒരുകെട്ടിടം പണിതുകൊള്ളൂ. ഇതിനുമുന്‍പ് ഇതുപോലൊന്ന് ആരും കാണാത്തവിധം അതികേമമായിരിക്കണം അത്.”കൃഷ്ണന്‍ മയനോട് പറഞ്ഞു.
വെറും രണ്ടാഴ്ച സമയത്തിനാല്‍ രത്‌നങ്ങള്‍ നിറയെ പതിച്ചതും, മിനുസമുള്ള തറയാല്‍ തിളങ്ങുന്നതും എവിടേയും ശില്പങ്ങളാല്‍ മനോഹരവുമാക്കിത്തീര്‍ത്ത ഭംഗിയാര്‍ന്ന കൊട്ടാരം മയന്‍ തീര്‍ത്തുകൊടുത്തു.
അവിടെ അതിഗംഭീരമായിട്ടായിരുന്നു ഗൃഹപ്രവേശം. കൊട്ടാരം കാണുവാന്‍ വിദൂര ദിക്കുകളില്‍നിന്നുപോലും രാജാക്കന്മാരും സാധാരണക്കാരും വന്നു കെട്ടിടം നടന്നു കണ്ടു. മയന്റെകരവിരുതിനെ പ്രശംസിക്കുകയായിരുന്നു എല്ലാവരും.
അവിടെ ദുര്യോധനാദികളും പ്രത്യേക ക്ഷണപ്രകാരം കൊട്ടാരം കണ്ടാസ്വദിക്കുവാന്‍ വന്നു. തറയുടെ കണ്ണാടി പോലുള്ള പ്രതലത്തില്‍ വെള്ളമുണ്ടെന്നു കരുതി മുണ്ട്‌നനയാതിരിക്കാന്‍ ശ്രദ്ധിച്ച് നടന്നപ്പോള്‍ അവിടെ വെള്ളം ഇല്ലായിരുന്നു. എന്നാല്‍ വെള്ളമുള്ളിടത്ത് ശ്രദ്ധിക്കാതെ നടന്നപ്പോള്‍ ദുര്യോധനനുംമറ്റും തെറ്റിവീഴുകയും ചെയ്തു. ആവീഴ്ച കണ്ട് ദ്രൗപതി ചിരിച്ചു. ആചിരിയാണ് പിന്നീട് അനവധിയാളുകളുടെ ദുഃഖമായിത്തീര്‍ന്ന മഹാഭാരത യുദ്ധത്തിലേക്കുവഴിതുറന്നത്.
















