ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതിയുമായി ഇറ്റലിയുടെ ഫഌവിയ പെന്നേറ്റ കളിക്കളത്തോട് വിടപറഞ്ഞു. സ്വന്തം നാട്ടുകാരിയും സീഡ് ചെയ്യപ്പെടാത്ത താരവുമായ റോബര്‍ട്ട വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫഌവിയ തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 7-6 (7-4), 6-2 തന്റെ 33-ാം വയസ്സിലായിരുന്നു പെന്നേറ്റയുടെ നേട്ടം. ഗ്രാന്‍ഡ് സ്ലാം നേടുന്ന നാലാമത്തെ ഇറ്റാലിയന്‍ താരമാണ് പെന്നേറ്റ. 2010ല്‍ ഫ്രാന്‍സിസ്‌ക ഷിയാവോണാണ് അവസാനമായി ഗ്ലാന്‍ഡ് സ്ലാം നേടിയത്.
കിരീടം നേടിയതിന് തൊട്ടുപിന്നാലെ പെന്നേറ്റ കോര്‍ട്ടില്‍ നിന്നുള്ള വിരമിക്കലും പ്രഖ്യാപിച്ചു. കിരീടദാന ചടങ്ങിനിടെയാണ് ഫഌവിയ പെന്നേറ്റ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. മത്സരം വീക്ഷിക്കാന്‍ എത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റയോ റെന്‍സിയെയടക്കം ഞെട്ടിച്ചുകൊണ്ടാണ് പെേന്നറ്റ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുമ്പുതന്നെ വിരമിക്കാനുള്ള തീരുമാനമെടുത്തിരുന്നതായി പെന്നേറ്റ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു അത്. ഇതുതന്നെയാണ് വിരമിക്കാനുള്ള ഏറ്റവും ഉചിതമായ വേദിയെന്നും ഇറ്റലിയുടെ വെറ്ററന്‍ താരം പറഞ്ഞു.
ഒരു മണിക്കൂറും 33 മിനിറ്റും നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പെന്നേറ്റ കൂട്ടുകാരി കൂടിയായ വിന്‍സിയെ കലാശപ്പോരാട്ടത്തില്‍ കീഴടക്കിയത്. ആദ്യ സെറ്റില്‍ വിന്‍സി കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും രണ്ടാം സെറ്റില്‍ അതിന് കഴിഞ്ഞില്ല. ഒപ്പത്തിനൊപ്പം നീങ്ങിയ ആദ്യ സെറ്റ് ടൈബ്രേക്കറിനൊടുവിലാണ് പെന്നേറ്റ നേടിയത്. രണ്ടാം സെറ്റില്‍ വിന്‍സി പൊരുതാന്‍ മിനക്കെടാതെ പരാജയം സമ്മതിക്കുകയായിരുന്നു.
സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസിനെതിരെ കാഴ്ചവെച്ച പ്രകടനം പുറത്തെടുക്കാന്‍ വിന്‍സിക്ക് കഴിഞ്ഞതുമില്ല. ലോക രണ്ടാം നമ്പര്‍ റുമാനിയയുടെ സിമോണ ഹാലെപ്പിനെ പരാജയപ്പെടുത്തിയായിരുന്നു ഫഌവിയ പെന്നേറ്റ ഫൈനലിലേക്ക് യോഗ്യത നേടിയത്.
















