നന്ദഗോപരും ഗോപന്മാരും മറ്റെല്ലാവരും ചേര്‍ന്ന് അതിഗംഭീരമായി അമ്പാടിയില്‍ യാഗത്തിന് ഒരുങ്ങുകയാണ്. വേണ്ടവരെല്ലാവരും അത് ഗംഭീരമാക്കുവാന്‍വേണ്ടി നട്ടോട്ടമാണ്. യാഗത്തിന് സംഘടിപ്പിക്കേണ്ടതായ വസ്തുക്കള്‍, അകലേനിന്നും കൊണ്ടുവരേണ്ടതിനെല്ലാം വാഹനങ്ങളുമായി ഗോകുലവാസികള്‍ കുതിക്കുകയാണ്. കൃഷ്ണനെല്ലാം കണ്ട് ചിരിച്ചു.
ഒഴിവുസമയത്ത് നന്ദഗോപരോട് കണ്ണന്‍ ചോദിച്ചു ‘എല്ലാവരും ഉത്സാഹത്തിലാണല്ലോ, എന്തിനുള്ള ഒരുക്കമാണ് ഇവിടെ’. അദ്ദേഹം പറഞ്ഞു. ”അതേ നമുക്കെല്ലാം അനുഗ്രഹം തരുന്നത് ദേവന്മാരാണ്. അവരെ പൂജിക്കുകയാണ് യാഗത്തിലൂടെ നാം ചെയ്യുന്നത്. യാഗത്തില്‍ സന്തുഷ്ടരായിട്ടാണ് നമുക്ക് വേണ്ടതെന്തും അവര്‍ തരുന്നത്. വര്‍ഷത്തിലൊരിയ്‌ക്കല്‍ ദേവന്മാരെ പ്രീതിപ്പെടുത്തണം അതാണീയാഗം”
”നമുക്കെല്ലാം തരുന്നത് ഇവിടെ കാണുന്ന ഭംഗിയാര്‍ന്ന ഗോവര്‍ദ്ധന പര്‍വതമാണ്. നമ്മുടെ മുഖ്യമായി കാണപ്പെട്ട ദൈവം പശുക്കളാണ്. അവയ്‌ക്കെല്ലാം ദാഹം തീര്‍ക്കുവാന്‍ വേണ്ട വെള്ളം, നല്ല പോഷക സമൃദ്ധമായ പുല്ല് ഇവയെല്ലാം തരുന്നത് ഒരു ദേവനുമല്ല, സാക്ഷാല്‍ ഗോവര്‍ദ്ധനം തന്നെ. അതിനാല്‍ പൂജനടത്തേണ്ടത് എന്റെ അഭിപ്രായത്തില്‍ ഗോവര്‍ദ്ധനത്തിനെയാണ്.”കണ്ണന്‍ പറയുന്നത് ശരിയല്ലേ, നാം സംരക്ഷിക്കേണ്ടത് ഗോവര്‍ദ്ധനത്തിനെയല്ലേ, അപ്പോഴാണ് ഗോകുലവാസികള്‍ക്കിടയില്‍ ഇതു ചര്‍ച്ചാവിഷയമായിവന്നത്.
ഒടുവില്‍ ഗോവര്‍ദ്ധനത്തിനെ പൂജ ചെയ്യാം എന്നതീരുമാനത്തിലെത്തി. എല്ലാവരും ഭക്തി പൂര്‍വ്വം യാഗം നടത്തുവാന്‍ തയ്യാറായി. ദേവന്മാര്‍ കൃഷ്ണന്റെ കളികളെ പറ്റി അറിഞ്ഞു. ദേവേന്ദ്രനും വരുണനും ചേര്‍ന്ന് ഇതിനെതിരെ ചിലതെല്ലാം ആസൂത്രണം ചെയ്തു. യാഗത്തിന് എല്ലാവരും വന്നുചേര്‍ന്നപ്പോള്‍ പൊരിഞ്ഞ മഴ. കാലികളും മനുഷ്യരും തണുത്ത് വിറയ്‌ക്കാന്‍ തുടങ്ങി. അതോടൊപ്പം കാറ്റും. അമംഗളം സംഭവിക്കുന്നതോര്‍ത്ത് എല്ലാവരും കണ്ണന്റെ സമീപത്തുചെന്നു. പുഞ്ചിരിയാണല്ലോ കണ്ണന്റെ മുഖമുദ്ര. എല്ലാവര്‍ക്കും കയറിനില്‍ക്കുവാന്‍ പാകത്തിനുള്ള കുടയൊന്ന് ഭഗവാന്‍ സംഘടിപ്പിച്ചു. സാക്ഷാല്‍ ഗോവര്‍ദ്ധനത്തിനെ ഉയര്‍ത്തി അത് ചെറുവിരലിന്മേല്‍ നിറുത്തിയത്രേ. ഗോലോകംമുഴുവന്‍ ആനന്ദത്താല്‍ തുള്ളിച്ചാടി. ഇന്ദ്രാദി ദേവകള്‍ ആകെ വിഷമത്തിലായി.
തന്റെ പദ്ധതികള്‍ ആകെ പാളിയതിനാല്‍, ഇനി മറ്റൊന്നും നോക്കാനില്ല ഭഗവല്‍ പാദാരവിന്ദത്തിനെ ആശ്രയിക്കുകതന്നെ. സാഷ്ടാംഗം പ്രണമിച്ചുകൊണ്ടാണ് ഇന്ദ്രാദി ദേവകള്‍ ഗോവര്‍ദ്ധനത്തിന്റെ സമീപമെത്തിയത്. ”അവിടുത്തെ അവതാരലക്ഷ്യത്തിനെ നന്നായിട്ടറിയാം. എനിക്കു കിട്ടേണ്ട പൂജകള്‍ അങ്ങു കാരണം കിട്ടാതെ വന്നതിന്റെ നിരാശയാലാണിതെല്ലാം സംഭവിച്ചത്. അതിവൃഷ്ടിയും കാറ്റും എല്ലാം പൊറുക്കണേ” താമസിയാതെ ഐരാവതത്തിന്റെ പുറത്ത് എത്തിച്ച തീര്‍ത്ഥംകൊണ്ട് ഭഗവാന് അഭിഷേകംചെയ്തു. ഗോവര്‍ദ്ധനത്തിനെ ഉയര്‍ത്തിയതിന്നാല്‍ ഗോവിന്ദനായി ഭഗവാന്‍ അറിയപ്പെട്ടു.
















