തിരുവനന്തപുരം: അറുപത്തിനാലാമത് അഖിലേന്ത്യാ പൊലീസ് അത്‌ലറ്റിക് മീറ്റില്‍ പുരുഷ വിഭാഗത്തില്‍ ബിഎസ്എഫ് ചാമ്പ്യന്മാരായി. 184 പോയിന്റുകളോടെയാണ് ബിഎസ്എഫ് ഒന്നാമതെത്തിയത്. 96 പോയിന്റോടെ സിആര്‍പിഎഫ് രണ്ടാം സ്ഥാനവും, 74 പോയിന്റോടെ പഞ്ചാബ് പോലീസ് മൂന്നാം സ്ഥാനവും നേടി. 41 പോയിന്റുകള്‍ നേടിയ കേരള പോലീസ് നാലാം സ്ഥാനത്താണ്. വനിതാ വിഭാഗത്തില്‍ 139 പോയിന്റുകളുമായി സിആര്‍പിഎഫ് ഒന്നാമതും, 74 പോയിന്റുകള്‍ നേടി സിഐഎസ്എഫ്-എംഎച്ച്എ രണ്ടാം സ്ഥാനത്തുമെത്തി. 72 പോയിന്റ് നേടിയ പഞ്ചാബ് പൊലീസിനാണ് മൂന്നാം സ്ഥാനം. 59 പോയിന്റുമായി കേരളാ പോലീസ് നാലാം സ്ഥാനത്തെത്തി.
സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പുരുഷ-വനിതാവിഭാഗങ്ങളില്‍ പഞ്ചാബ് പോലീസും, കേരള പോലീസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സിആര്‍പിഎഫ് താരങ്ങളായ രാജീവ് കുമാര്‍ പുരുഷവിഭാഗത്തിലും, ബി. സൗമ്യ വനിതാവിഭാഗത്തിലും മികച്ച അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും അച്ചടക്കമുള്ള ടീമിനുള്ള ട്രോഫി കേരളാ പോലീസിനാണ്. വിജയികള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഡിജിപി ടി.പി. സെന്‍കുമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും കോഴിക്കോട് മാതയും ചേര്‍ന്ന് അവതരിപ്പിച്ച വന്ദേ ഭാരത് മാതരം പരിപാടിയും തിരുവനന്തപുരം ന്യൂജി ഈവന്റ്‌സ് സംഘടിപ്പിച്ച ലേസര്‍ ഷോയും സമാപന ചടങ്ങില്‍ ആകര്‍ഷണമായി. ഒന്നാം സ്വാതന്ത്ര്യ സമരം തുടങ്ങി കാര്‍ഗില്‍ യുദ്ധം വരെയുള്ള ഇന്ത്യയുടെ ചരിത്ര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വന്ദേ ഭാരത് മാതരത്തില്‍ അഞ്ഞൂറോളം കലാകാരന്മാര്‍ അണിനിരന്നു. ഇന്ത്യയിലെ ഏഴോളം ഭാഷകള്‍, നൃത്തരൂപങ്ങള്‍ എന്നിവ സമന്വയിപ്പിച്ച പരിപാടിയും സമാപന ചടങ്ങിന് മാറ്റുകൂട്ടി.
















