തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് അത്ലറ്റിക് മീറ്റില്‍ പുരുഷവിഭാഗത്തില്‍ ബിഎസ്എഫും വനിതാ വിഭാഗത്തില്‍ സിആര്‍പിഎഫും മുന്നേറ്റം തുടരുന്നു. ബിഎസ്എഫിന് 138 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിആര്‍പിഎഫിന് 81 പോയിന്റുണ്ട്. വനിതാവിഭാഗത്തില്‍ ഒന്നാം സ്ഥാനത്തുള്ള സിആര്‍പിഎഫിന് 109 പോയിന്റാണുള്ളത്.
58 പോയിന്റു നേടി സിഐഎസ്എഫ്-എംഎച്ച്എ രണ്ടാം സ്ഥാനത്തുണ്ട്. സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ പഞ്ചാബ് പോലീസ് ഒന്നാം സ്ഥാനത്തും ആതിഥേയരായ കേരള പോലീസ് രണ്ടാം സ്ഥാനത്തുമാണ്. പുരുഷ വിഭാഗത്തില്‍ പഞ്ചാബ് പോലീസിന് 62 പോയിന്റും കേരള പോലീസിന് 26 പോയിന്റും വനിതാ വിഭാഗത്തില്‍ പഞ്ചാബ് പോലീസിന് 54 പോയിന്റും കേരള പോലീസിന് 33 പോയിന്റുമാണ് ലഭിച്ചത്.
ഇന്നലെ നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സിആര്‍പിഎഫിലെ വിപിന്‍ പന്‍വാര്‍ സ്വര്‍ണ്ണം നേടി. ഉത്തരാഖണ്ഡ് പോലീസിലെ യാഷ്ജീത് സിങ് വെള്ളിയും ഐടിബിപിയിലെ രാജ്വന്ത് യാദവ് വെങ്കലവും നേടി. വനിതകളുടെ പോള്‍ വാള്‍ട്ടില്‍ പഞ്ചാബ് പോലീസിലെ കിരണ്ബീര് കൗറിനാണ് സ്വര്‍ണ്ണം.
സിഐഎസ്എഫ്-എംഎച്ച്എയിലെ സംഗീതകുമാരി വെള്ളിയും പശ്ചിമബംഗാള്‍ പോലീസിലെ ബബ്ലി മിത്ര വെങ്കലവും നേടി. പുരുഷന്മാരുടെ ലോങ്ജമ്പില്‍ സിആര്‍പിഎഫിലെ രാജീവ്കുമാര്‍ സ്വര്‍ണവും കേരളാ പോലീസിലെ ബേസില്‍ ജോര്‍ജ് വെള്ളിയും ബിഎസ്എഫിലെ ബിക്രംജിത്ത് സിങ് വെങ്കലവും കരസ്ഥമാക്കി. മീറ്റ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: