ആപിയ (സമോവ): കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ ഇന്ത്യക്ക് ഏഴ് മെഡലുകള്‍ കൂടി. രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 7 സ്വര്‍ണ്ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 17 ആയി. മെഡല്‍ പട്ടികയില്‍ ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ്. മേള ഇന്ന് സമാപിക്കും.
അമ്പെയ്‌ത്തില്‍ പ്രചി സിങ് പെണ്‍കുട്ടികളുടെ വ്യക്തിഗത റിക്കര്‍വ് വിഭാഗത്തിലും ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ശശികുമാര്‍ മുകുന്ദ്-ദ്രുതി താത്ച്ചറുമാണ് സ്വര്‍ണ്ണം നേടിയത്. പ്രചി സിംഗ് ബംഗ്ലാദേശ് താരം നോന്‍ദിനി ഖാന്‍ ഷോപ്‌നയെ പരാജയപ്പെടുത്തിയാണ് പൊന്നണിഞ്ഞത്. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സ്‌കോട്ടിഷ് ജോഡികളായ ലൂയി അഡ മക്‌ക്ലെന്‍ഡ്-ഈവന്‍ ലുംസ്‌ഡെന്‍ സഖ്യത്തെ 7-6 (7-4), 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വര്‍ണ്ണമണിഞ്ഞത്.
ആണ്‍കുട്ടികളുടെ ബോക്‌സിംഗില്‍ ഗൗരവ് സോളങ്കി വെള്ളി നേടി. 52 കി.ഗ്രാം വിഭാഗത്തിലാണ് സോളങ്കിയുടെ വെള്ളിനേട്ടം. ആണ്‍കുട്ടികളുടെ അമ്പെയ്‌ത്ത് വ്യക്തിഗത റിക്കര്‍വ് ഇനത്തില്‍ നിഷാന്ത് കുമാവാതും സ്‌ക്വാഷ് മിക്‌സഡ് ടീം ഇനത്തില്‍ സെന്തില്‍കുമാര്‍-ഹര്‍ഷിത് ജവാന്‍ഡ സഖ്യവുമാണ് വെള്ളിനേടിയത്. ബോക്‌സിംഗ് റിങില്‍ നിന്നാണ് വെങ്കല മെഡലുകള്‍. ആണ്‍കുട്ടികളുടെ 49 കി.ഗ്രാം വിഭാഗത്തില്‍ ഭിംചന്ദ് സിങ്, 64 കി.ഗ്രാം വിഭാഗത്തില്‍ പ്രയാഗ് ചൗഹാന്‍ എന്നിവരാണ് വെങ്കലത്തിന് അര്‍ഹരായത്.
















