ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിൾസ് സെമിയിൽ ലോക രണ്ടാം നമ്പറും അഞ്ച് തവണ ജേതാവുമായ റോജർ ഫെഡററും അഞ്ചാം സീഡും നാട്ടുകാരനുമായ സ്റ്റാനിസ്ലാവ് വാവ്‌റിങ്കയും തമ്മിൽ ഏറ്റുമുട്ടും. മറ്റൊരു സെമിയിൽ ലോക ഒന്നാം നമ്പർ സെർബിയയുടെ നൊവാക് ദ്യോക്കോവിച്ചും ഒമ്പതാം സീഡ് ക്രൊയേഷ്യയുടെ മാരിൻ സിലിച്ചും ഏറ്റുമുട്ടും.
ക്വാർട്ടർ ഫൈനലിൽ ഫെഡറർ ഫ്രഞ്ച് താരവും 12-ാം സീഡുമായ റിച്ചാർഡ് ഗാസ്‌ക്കറ്റിനെയാണ് കീഴടക്കിയത്. ഒരു മണിക്കൂറും 27 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 6-3, 6-3, 6-1 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ വിജയം. മത്സരത്തിൽ ഒരിക്കൽ പോലും ഫെഡറുടെ കേളീമികവിനു മുന്നിൽ ഗാസ്‌ക്കറ്റിന് പിടിച്ചുനിൽക്കാനായില്ല. 2008-ലാണ് ഫെഡറർ അവസാനമായി യുഎസ് ഓപ്പണിൽ ജേതാവായത്. 2009-ൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും ജുവാൻ മാർട്ടിൻ ഡെൽ പോട്രോയോട് പരാജയപ്പെട്ടു.
മറ്റൊരു ക്വാർട്ടർ ഫൈനലിൽ പതിനഞ്ചാം സീഡ് ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആൻഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്ക അവസാന നാലിലേക്ക് കുതിച്ചത്. പ്രീ-ക്വാർട്ടറിൽ മൂന്നാം സീഡ് ബ്രിട്ടന്റെ ആൻഡി മുറെയെ അട്ടിമറിച്ചെത്തിയ ആൻഡേഴ്‌സണ് ക്വാർട്ടറിൽ ആ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ 6-4, 6-4, 6-0 എന്ന സെറ്റുകൾക്കായിരുന്നു വാവ്‌റിങ്കയുടെ വിജയം. കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനലിൽ പുറത്തായ വാവ്‌റിങ്ക 2013-ൽ സെമിയിലെത്തിയിരുന്നു.
വനിതാ സിംഗിൾസ് സെമിയിൽ ലോക രണ്ടാം നമ്പർ റുമാനിയയുടെ സിമോണ ഹാലെപ്പും 26-ാം സീഡ് ഇറ്റലിയുടെ ഫഌവിയ പെന്നറ്റയും ഏറ്റുമുട്ടും. ഫഌവിയ പെന്നറ്റ അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോയെ മൂന്ന് സെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ അട്ടിമറിച്ചപ്പോൾ സിമോണ ഹാലെപ്പ് ബലാറസിന്റെ 20-ാം സീഡ് വിക്ടോറിയ അസാരങ്കയെ കീഴടക്കി സെമിയിലെത്തി. രണ്ടാം സെമിയിൽ സെറീന വില്യംസിന്റെ എതിരാളി റോബർട്ട വിൻസിയാണ്.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിമോണ അസാരങ്കയെ കീഴടക്കിയത്. രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 6-3, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു ഹാലെപ്പ് വിജയം കരസ്ഥമാക്കിയത്.
ആദ്യ സെറ്റ് 6-3ന് ഹാലെപ്പ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ അതേ നാണയത്തിൽ തിരിച്ചടിച്ച അസാരങ്ക 6-4ന് സ്വന്തമാക്കി. ഇതോടെയാണ് കളി നിർണായകമായ മൂന്നാം സെറ്റിലേക്ക് നീണ്ടത്. എന്നാൽ 6-4ന് നിർണായകമായ മൂന്നാം സെറ്റും സ്വന്തമാക്കിയ സിമോണ ഹാെലപ്പ് സെമിയിലേക്ക് മുന്നേറിയപ്പോൾ അസാരങ്ക പുറത്തേക്കുള്ള വഴി തെരഞ്ഞെടുത്തു. ആദ്യമായാണ് ഹാലെപ്പ് യുഎസ് ഓപ്പണിന്റെ സെമിയിലെത്തുന്നത്. കഴിഞ്ഞ വർഷം മൂന്നാം റൗണ്ടിൽ പുറത്തായി. 2012, 13 വർഷങ്ങൡ യുഎസ് ഓപ്പൺ ഫൈനലിൽ കളിച്ച അസാരങ്ക കഴിഞ്ഞ വർഷവും ക്വാർട്ടിൽ പുറത്തായിരുന്നു.
രണ്ട് തവണ വിംബിൾഡൺ ജേത്രിയായ പെട്ര ക്വിറ്റോവയെ വാശിയേറിയ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കിയാണ് ഫഌവിയ പെന്നറ്റ സെമിയിലേക്ക് കുതിച്ചത്. രണ്ട് മണിക്കൂറും 23 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 4-6, 6-4, 6-2 എന്ന സ്‌കോറിനായിരുന്നു പെന്നറ്റയുടെ വിജയം. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമായിരുന്നു പെന്നറ്റയുടെ തിരിച്ചുവരവ്. രണ്ടാം സെറ്റ് 6-4നും മൂന്നാം സെറ്റ് 6-2നും സ്വന്തമാക്കി ആദ്യ സെമി ബെർത്ത് സ്വന്തമാക്കി. കഴിഞ്ഞ വർഷം ക്വാർട്ടറിൽ പുറത്തായ പെന്നറ്റ 2013-ൽ സെമി കളിച്ചിരുന്നു.
















