തിരുവനന്തപുരം: ദേശീയ പോലീസ് കായികമേളയില്‍ മരുന്നടി വിവാദം. ബിഎസ്എഫിന്റെ രണ്ടു താരങ്ങളാണ് പിടിയിലായത്. മേള നടക്കുന്ന ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു സമീപം ഉത്തേജകമരുന്ന് കുത്തിവയ്‌ക്കാനുപയോഗിച്ച സിറിഞ്ച് കണ്ടെത്തിയത്. ഉത്തേജകമരുന്ന് പരിശോധനയ്‌ക്കു തയ്യാറാകാത്ത രണ്ട് ബിഎസ്എഫ് താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. നാനൂറ് മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ഹര്‍പ്രീത് സിംഗും ഡിസ്‌ക് ത്രോയില്‍ പങ്കെടുത്ത താരവുമാണ് പരിശോധനയ്‌ക്കു തയ്യാറാവാഞ്ഞത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മത്സരത്തിന് ശേഷം ഉത്തേജക മരുന്ന് പരിശോധനക്ക് നില്‍ക്കാതെ ബിഎസ്എഫിന്റെ നാലു താരങ്ങള്‍ സ്ഥലത്ത് നിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. രണ്ടുപേരെ സംഘാടകര്‍ തന്നെ പിന്തുടര്‍ന്ന് പിടികൂടി. മറ്റ് രണ്ടുപേര്‍ ഗ്രൗണ്ട് വിട്ടു പുറത്തുപോയി. കഴിഞ്ഞ ദിവസം നടന്ന 400 മീറ്ററിലും ഡിസ്‌ക്കസ് ത്രോയിലും മെഡല്‍ ലഭിച്ചവരാണ് രക്ഷപ്പെട്ടത്. ഇതോടെ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് ആരോപണം ശക്തമായിട്ടുണ്ട്. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിന് പിന്‍വശത്തുള്ള സ്റ്റുഡന്റ് സെന്ററിന് സമീപത്തു നിന്ന് മരുന്ന് കുത്തിവയ്‌ക്കാന്‍ ഉപയോഗിച്ചതായി സംശയിക്കുന്ന സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയ്‌ക്കു പങ്കെടുക്കാത്ത താരങ്ങള്‍ക്കെതിരെ ഓള്‍ ഇന്ത്യ പോലീസ് ഗെയിംസ് സെക്രട്ടറിയേറ്റിനും ബിഎസ്എഫ് മേധാവിക്കും റിപ്പോര്‍ട്ട് നല്‍കുമെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാഡ നല്‍കിയ പരാതി സെന്‍ഡ്രല്‍ സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ അതോറിറ്റിക്ക് ഡിജിപി കൈമാറും. ഇതിന് ശേഷമാകും താരങ്ങള്‍ക്കെതിരെ എന്ത് നടപടി വേണമെന്ന് തീരുമാനിക്കുക.
















