കാസര്‍കോട്: ജില്ലയിലെ സിപിഎം കോട്ടകളെന്ന് അവകാശപ്പെടുന്ന കുണ്ടംകുഴി, ബേഡകം, കുറ്റിക്കോല്‍, പാലക്കുന്ന് ആറാട്ടുകടവ്, കൊളവയല്‍ തുടങ്ങിയ പ്രദേശങ്ങള്‍ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്‍മാര്‍ ഓടിക്കളിച്ചു. പലസ്ഥലങ്ങളിലും ചരിത്രത്തിലാദ്യാമായിട്ടാണ് ശ്രീകൃഷ്ണജന്മാഷ്ടമി ശോഭയാത്രകളടക്കമുള്ള അതിവിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനായി സിപിഎം ജില്ലയില്‍ അക്രമണങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ തുടക്കം കുറിച്ചിരുന്നു. പക്ഷെ ജനങ്ങള്‍ സിപിഎം മുഴക്കിയ പരോക്ഷ ഭീഷണികളെ തള്ളിക്കളഞ്ഞു വെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നലെ കണ്ടത്. ഇത്തവണ ജില്ലയില്‍ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികളില്‍ സിപിഎം തട്ടകങ്ങളിലടക്കം പതിനായിരക്കണക്കിന് ഹൈന്ദവവിശ്വാസികള്‍ പങ്കെടുത്തു.
ജില്ലയില്‍ സിപിഎം വിട്ട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് വ്യാപകമായി അണികള്‍ വന്നു കൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവാണ് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭയാത്രകള്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷപരിപാടികള്‍ സിപിഎം തടസ്സപ്പെടുത്തുമെന്നുള്ള സൂചനകള്‍ മുമ്പ് തന്നെ അവര്‍ നല്‍കിയിരുന്നതിനാല്‍ അതിനെ ഹൈന്ദവ വിശ്വാസികള്‍ കൂട്ടായി എതിര്‍ത്ത് തോല്‍പ്പിച്ചുവെന്നതാണ് ശോഭയാത്രകള്‍ തെളിയിക്കുന്നത്.
















