തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് മീറ്റിന്റെ രണ്ടാം ദിവസം കേരളത്തിനു മൂന്നു സ്വര്‍ണം. വനിതകളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ കേരളാതാരം എസ്. സിനി രാജ്യത്തെതന്നെ ഏറ്റവും വേഗമേറിയ വനിതാ പോലീസ് താരമായി. സിആര്‍പിഎഫിലെ ഷിംന ബേബി വെള്ളിയും സിഐഎസ്എഫിലെ കെ.ടി.പി. രമ്യ വെങ്കലവും നേടി. പുരുഷന്‍മാരുടെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ബിഎസ്എഫിന്റെ അര്‍വിന്‍ന്ദര്‍ സിങാണു വേഗമേറിയ പുരുഷതാരം. ഈയിനത്തില്‍ ബിഎസ്എഫിലെ കുല്‍ദീപ് സിങ് വെള്ളിയും, തമിഴ്‌നാടിന്റെ എസ്.വികാഷ് വെങ്കലവും നേടി. മൂന്നു സ്വര്‍ണവും രണ്ടു വെളളിയും രണ്ടു വെങ്കലവുമാണ് ഇന്നലത്തെ കേരളത്തിന്റെ നേട്ടം.
പുരുഷ വനിതാ വിഭാഗങ്ങളിലെ 400 മീറ്റര്‍ മത്സരത്തില്‍ കേരളം സ്വര്‍ണം നേടി.
പുരുഷന്മാരുടെ വിഭാഗത്തില്‍ കെ. ഷറീഫും വനിതകളില്‍ ചിഞ്ജു ജോസും സ്വര്‍ണം നേടി. വനിതകളുടെ 400 മീറ്ററില്‍ കേരളത്തിന്റെ അഞ്ജു തോമസ് വെള്ളി നേടി. സിആര്‍പിഎഫിലെ സന്തോഷ്‌കുമാരിക്കാണ് വെങ്കലം. പുരുഷന്‍മാരുടെ 400 മീറ്ററില്‍ ബിഎസ്എഫിലെ ഹര്‍പ്രീത് സിങ് വെള്ളിയും മന്ദീപ് വെങ്കലവും നേടി. ഇന്നലെ രാവിലെ നടന്ന 10000 മീറ്റര്‍ നടത്തത്തില്‍ വെങ്കലം നേടി കെ.ജെ. സന്ധ്യയാണു കേരളത്തിനുവേണ്ടി ആദ്യ മെഡല്‍ നേടിയത്. ഈ ഇനത്തില്‍ സിആര്‍പിഎഫിന്റെ ബി. സൗമ്യ സ്വര്‍ണവും രാജസ്ഥാന്റെ സ്വപ്‌ന വെള്ളിയും നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ ജോജിമോള്‍ ജോസഫ് വെങ്കലം നേടി.
പഞ്ചാബിന്റെ അരവിന്ദ രത്‌വക്കാണു സ്വര്‍ണം. സിആര്‍പിഎഫിലെ അയന തോമസ് വെള്ളി നേടി. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ കേരളത്തിന്റെ മെറീന ജോസഫ് വെള്ളി നേടി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 100 പോയന്റോടെ സിആര്‍പിഎഫ് മുന്നേറ്റം തുടരുന്നു. 90 പോയിന്റുകളുമായി ബിഎസ്എഫ് രണ്ടാമതും. 45 പോയിന്റുകള്‍ നേടിയ കേരള പോലീസ് നാലാം സ്ഥാനത്താണ്.
















