ബംഗളൂരു: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറാനാണ് ഗ്രൂപ്പ് ഡിയിലെ മൂന്നാം കളിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇറാന് വേണ്ടി സര്‍ദാര്‍ അസ്മൗന്‍, ആന്ദ്രാനിക് തെയ്‌മൂറിയാന്‍, മെഹ്ദി തറോമി എന്നിവരാണ് ഇറാന്റെ വിജയഗോള്‍ നേടിയത്. യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ഇറാന്റെ രണ്ടാം വിജയവും.
തുടക്കം മുതല്‍ ഇന്ത്യന്‍ ബോക്‌സിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്ന ഇറാന്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷം 29-ാം മിനിറ്റിലാണ് ആദ്യഗോള്‍ നേടിയത്. ആന്ദ്രാനിക് തെയ്‌മൂറിയാന്‍ എടുത്ത ഫ്രീകിക്കാണ് സുന്ദരമായ ഹെഡ്ഡറിലൂടെ സര്‍ദാര്‍ അസ്മൗന്‍ ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിംഗിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിന് ഇറാന്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
ആദ്യപകുതിയില്‍ ഗോള്‍ ഒന്നേ അടിച്ചുള്ളൂവെങ്കിലും ആദ്യത്തെ നാല്‍പ്പത്തിയഞ്ച് മിനിറ്റും കളിയില്‍ നിറഞ്ഞുനിന്നത് ഇറാന്‍ തന്നെ. ഭാഗ്യയും ഇടയ്‌ക്ക് ഗോളി ഗുര്‍പ്രീതിന്റെയും സന്ദേശ് ജിന്‍ഗാന്റെയും മണ്ഡലിന്റെയുമെല്ലാം സേവുകളുമില്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ തന്നെ ഇറാന്‍ കൂട്ടക്കുരുതി നടത്തുമായിരുന്നു. തലനാരിഴയ്‌ക്കാണ് പല കുറി ഗോള്‍ വലയൊഴിഞ്ഞുപോയത്. ഗോള്‍ കുടുങ്ങിയശേഷമാണ് ഇന്ത്യ പേരിനെങ്കിലും ചില നീക്കങ്ങള്‍ നടത്തിയത്.
പക്ഷേ, ഒന്നും ആസൂത്രിതനീക്കങ്ങളായിരുന്നില്ല. ഒന്നോ രണ്ടോ തവണ മാത്രമാണ് ആദ്യപകുതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇറാന്‍ ബോക്‌സില്‍ പന്തെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ ഗോളിയെ പരീക്ഷിക്കാന്‍ കഴിയുള്ള ഒരു ഷോട്ടുപോലും പായിക്കാന്‍ റോബിന്‍ സിംഗും, സുനില്‍ഛേത്രിയുമുള്‍പ്പെട്ട ഇന്ത്യന്‍ മുന്നേറ്റനിരക്ക് കഴിഞ്ഞതുമില്ല.
രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് ആയപ്പോഴേക്കും ഇറാന്‍ രണ്ടാമതും ഇന്ത്യന്‍ വല കുലുക്കി. ഇത്തവണ ഇറാന്‍ ക്യാപ്റ്റന്‍ ആന്ദ്രാനിക് തെയ്‌മൂറിയാന്റെ ഉൗഴമായിരുന്നു. പന്തിന്റെ ഗതി മനസ്സിലാക്കാതെ നിന്ന ഗുര്‍പ്രീതിനെ നിഷ്പ്രഭനാക്കിയാണ് ഇറാന്‍ നായകന്‍ പന്ത് വലയിലെത്തിച്ചത്. നാല് മിനിറ്റിനുശേഷം മൂന്നാം തവണയും ഇന്ത്യന്‍ വല കുലുങ്ങി. ഇത്തവണ മെഹ്ദി തറോമിയായിരുന്നു സ്‌കോറര്‍. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കലും കൂടുതല്‍ ഗോള്‍ കണ്ടെത്താന്‍ ഇറാന്‍ മുന്നേറ്റനിരക്ക് കഴിഞ്ഞില്ല.
















