ബംഗളൂരു: ലോകകപ്പ് യോഗ്യതയുടെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്ക് ഇന്ന് കനത്ത വെല്ലുവിളി. ഫിഫി റാങ്കിംഗ് പ്രകാരം ഏഷ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഇറാനാണ് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികള്‍. വൈകിട്ട് 7ന് കിക്കോഫ്. ഫിഫ റാങ്കിംഗില്‍ 155-ാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ഇറാനാവട്ടെ 40-ാം സ്ഥാനത്തും.
ഗ്രൂപ്പ് ഡിയില്‍ ഒരു വിജയം പോലും നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളില്‍ ഇന്ത്യ ഒമാനോടും ഗുവാമിനോടും പരാജയപ്പെടുകയും ചെയ്തു. ഹോം മത്സരത്തില്‍ ഒമാനോടും എവേ മത്സരത്തില്‍ ഗുവാമിനോടും 2-1നായിരുന്നു ഇന്ത്യയുടെ പരാജയം. അതേസമയം ഇറാന്‍ ആദ്യ മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാനോട് 1-1ന് സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ ഗുവാമിനെ 6-0ന് തകര്‍ത്തിരുന്നു. ഈ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇറാനിയന്‍ പോരാളികള്‍. കഴിഞ്ഞ ദിവസം ഇന്ത്യ നേപ്പാളിനെതിരെയും ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
കരുത്തരായ ഇറാനെ പ്രതിരോധിക്കണമെങ്കില്‍ കയ്യിലുള്ള തന്ത്രങ്ങളൊന്നും മതിയാകില്ലെന്ന് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും സംഘത്തിനുമറിയാം. എങ്കിലും ഇന്ന് ഇറാനെതിരെ മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീമും കോച്ചും.
അതേസമയം കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റീനയെ വരെ വിറപ്പിച്ച ടീമാണ് ഇറാന്‍. ലോകകപ്പില്‍ കളിച്ച മിഡ്ഫീല്‍ഡര്‍ ആന്ദ്രാനിക് തെയ്‌മൂറിയാനാണ് ക്യാപ്റ്റന്‍. ഗോള്‍കീപ്പര്‍ അലിറേസ ഹഗീഗി, പ്രതിരോധനിരയിലെ ജലാല്‍ ഹൊസേനി, പെജ്മാന്‍ മൊണ്ടസേറി, മധ്യനിരയിലെ ഖോര്‍സോ ഹെയ്ദാരി തുടങ്ങിയവര്‍ ടീമിനൊപ്പമുണ്ട്. ശേഷിച്ചവര്‍ പുതുനിര താരങ്ങളാണ്.
ക്യാപ്റ്റനും ഗോളിയുമായ സുബ്രതാപാല്‍, സുനില്‍ ഛേത്രി, റോബിന്‍ സിങ്, ജെജെ ലാല്‍പെഖുല, സി.കെ. വിനീത്, റിനോ ആന്റോ, റോമിയോ ഫെര്‍ണാണ്ടസ്, കാവിന്‍ ലോബോ, അര്‍ണാബ് മൊണ്ടല്‍, സന്ദേശ് ജിംഗാന്‍ തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍.
ഗ്രൂപ്പില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഗുവാം ഒമാനുമായി ഏറ്റുമുട്ടും. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ഒമാനാണ് ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ഒന്നാമത്.
















