റോം: യൂറോ 2016 യോഗ്യതാ മത്സരങ്ങളില്‍ ഇറ്റലി, ചെക്ക് റിപ്പബ്ലിക്ക്, നോര്‍വേ, ബെല്‍ജിയം തുടങ്ങിയ ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ കരുത്തരായ ഹോളണ്ടിന്റെ യോഗ്യതാ സ്വപ്‌നങ്ങള്‍ ഏറെക്കുറെ അവസാനിച്ചു. അതേസമയം ഗ്രൂപ്പ് എയില്‍ നിന്ന് ഐസ്‌ലന്‍ഡും ചെക്ക് റിപ്പബ്ലിക്കും യോഗ്യത സ്വന്തമാക്കി.
ഗ്രൂപ്പ് എയില്‍ തുര്‍ക്കിയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നതോടെയാണ് ഡച്ച് പോരാളികളുടെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചത്. ഒഴുഗാന്‍ ഒസ്യാകുപ്, ആര്‍ദ ടുറാന്‍, ബുറാക് യില്‍മാസ് എന്നിവരുടെ ഗോളുകളിലാണ് തുര്‍ക്കി ഹോളണ്ടിന്റെ കഥകഴിച്ചത്. പരാജയത്തോടെ ഹോളണ്ട് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതപോലും അവര്‍ക്ക് വിദൂരമായി. കഴിഞ്ഞ ദിവസം ഐസ്‌ലന്‍ഡിനോടും ഹോളണ്ട് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഹോളണ്ട്. 12 പോയിന്റുമായി തുര്‍ക്കി മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
പന്ത് കൂടുതല്‍ കൈവശം നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും സ്‌ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്‌മയാണ് കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിന് തിരിച്ചടിയായത്. വാന്‍പെഴ്‌സി, സ്‌നൈഡര്‍, ഡിപെ തുടങ്ങിയ ലോകോത്തര താരങ്ങള്‍ അണിനിരന്നിട്ടും ഒരിക്കല്‍ പോലും തുര്‍ക്കി വല കുലുക്കാന്‍ കഴിയാതിരുന്നത് ഡച്ച് കോച്ചിനെ ഏറെ അലട്ടി. തുര്‍ക്കിഗോളിയുടെ ഉജ്ജ്വലപ്രകടനവും ഡച്ചിന് മുന്നില്‍ വിലങ്ങുതടിയായി.
കളിയുടെ എട്ടാം മിനിറ്റിലാണ് ഡച്ച് വല ആദ്യം കുലുങ്ങിയത്. ആര്‍ദ ടുറാന്റെ പാസില്‍ നിന്ന് ഒഴുഗാന്‍ ഒസ്യാകുപാണ് ഡച്ച് വലയിലേക്ക് നിറയൊഴിച്ചത്. അഞ്ച് മിനിറ്റിനുശേഷം ഹോളണ്ടിന്റെ ലൂസിയാനോ നര്‍സിങിന്റെ ഷോട്ട് തുര്‍ക്കി ഗോളി രക്ഷപ്പെടുത്തി. 26-ാം മിനിറ്റില്‍ ഹോളണ്ടിനെ ഞെട്ടിച്ച് തുര്‍ക്കി രണ്ടാം ഗോളും നേടി. ആര്‍ദ ടുറാന്റെ ഇടംകാലന്‍ ഷോട്ടാണ് വലയില്‍ തറച്ചുകയറിയത്. ആദ്യ പകുതിയില്‍ തുര്‍ക്കി 2-0ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഡച്ച് പോരാളികള്‍ ഗോള്‍ മടക്കുന്നതിനായി കൈമെയ് മറന്ന് പോരാടിയെങ്കിലും തുര്‍ക്കി പ്രതിരോധം വിട്ടുകൊടുത്തില്ല. ഒടുവില്‍ 85-ാം മിനിറ്റില്‍ തുര്‍ക്കി മൂന്നാം ഗോളും നേടി. ബുറാക് യില്‍മാസ് കാനര്‍ എന്റികിന്റെ പാസില്‍ നിന്ന് പായിച്ച വലംകാലന്‍ ഷോട്ടാണ് വലയില്‍ കയറിയത്.
മറ്റൊരു മത്സരത്തില്‍ ഐസ്‌ലന്‍ഡ് കസാക്കിസ്ഥാനുമായി ഗോള്‍രഹിത സമനില പാലിച്ചപ്പോള്‍ ചെക്ക് റിപ്പബ്ലിക്ക് 2-1ന് ലാത്‌വിയയെ പരാജയപ്പെടുത്തി യോഗ്യതക്ക് തൊട്ടടുത്തെത്തി. ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഐസ്‌ലന്‍ഡിനും ചെക്ക് റിപ്പബ്ലിക്കിനും 19 പോയിന്റ് വീതമാണുള്ളത്. ഇരുടീമുകളും യൂറോ 2016-ലേക്ക് യോഗ്യത നേടുകയും ചെയ്തു. ഐസ്‌ലന്‍ഡ് ചരിത്രത്തിലാദ്യമായാണ് ഒരു യൂറോ കപ്പിന് യോഗ്യത നേടുന്നത്. യൂറോ കപ്പിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യവും ഐസ്‌ലന്‍ഡ് തന്നെ.
ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിന് യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കണം. ഇന്നലെ ഇസ്രയേലുമായി ഗോള്‍രഹിത പാലിച്ചതാണ് വെയ്ല്‍സിന്റെ കാത്തിരിപ്പ് നീണ്ടത്. എട്ട് കളികളില്‍ നിന്ന് 18 പോയിന്റുമായി വെയ്ല്‍സാണ് ഗ്രൂപ്പില്‍ മുന്നില്‍. മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം ഏകപക്ഷീയമായ ഒരു ഗോളിന് സൈപ്രസിനെ പരാജയപ്പെടുത്തി സാധ്യത നിലനിര്‍ത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 86-ാം മിനിറ്റില്‍ ഈഡന്‍ ഹസാര്‍ഡാണ് ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള ബെല്‍ജിയത്തിന് 8 കളികളില്‍ നിന്ന് 17 പോയിന്റാണുള്ളത്. 13 പോയിന്റുള്ള ഇസ്രയേലാണ് മൂന്നാമത്. മറ്റൊരു മത്സരത്തില്‍ ബോസ്‌നിയ ഹെര്‍സഗോവിന മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അന്‍ഡോറയെ പരാജയപ്പെടുത്തി.
ഗ്രൂപ്പ് എച്ചില്‍ ബള്‍ഗേറിയയെ 1-0ന് പരാജയപ്പെടുത്തി ഇറ്റലി എട്ട് കളികളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. കളിയുടെ ആറാം മിനിറ്റില്‍ ഡാനിയേല ഡി റോസ്സിയാണ് പെനാല്‍റ്റിയിലൂടെ അസൂറികളുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ 55-ാം മിനിറ്റില്‍ ഡി റോസ്സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോവുകയും ചെയ്തത് അവര്‍ക്ക് അടുത്ത മത്സരത്തില്‍ കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പ്. തൊട്ടടുത്ത മിനിറ്റില്‍ ബള്‍ഗേറിയയുടെ മിക്കാന്‍സ്‌കിയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. മറ്റൊരു മത്സരത്തില്‍ നോര്‍വേ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ കീഴടക്കി 16 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. മാള്‍ട്ട-അസര്‍ബെയ്ജാന്‍ പോരാട്ടം 2-2ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.
















