തിരുവനന്തപുരം: അഖിലേന്ത്യാ പോലീസ് മീറ്റിന് ഇന്നലെ തിരുവനന്തപുരത്തു തുടക്കമായി. മീറ്റിന്റെ ആദ്യദിനം തന്നെ നിലവിലെചാമ്പ്യന്മാരായ സിആര്‍പിഎഫിന്റെ കുതിപ്പ് ആരംഭിച്ചു. ആറു ഫൈനലുകളാണ് ആദ്യ ദിവസം നടന്നത്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമാണു സിആര്‍പിഎഫിന്റെ സമ്പാദ്യം. വനിതകളുടെ 100 മീറ്ററില്‍ വെള്ളി, വനിതകളുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും വെങ്കലവും, വനിതകളുടെ ഹൈജമ്പില്‍ സ്വര്‍ണവും വെള്ളിയും എന്നിങ്ങനെയാണു മെഡല്‍ നേട്ടം.
വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ മഹാരാഷ്‌ട്ര പോലീസിലെ ജയശ്രീ ബോര്‍ഗി സ്വര്‍ണവും സിആര്‍പിഎഫിന്റെ എസ്. തൊബാറ്റണ്‍ യാനു വെള്ളിയും മഹാരാഷ്‌ട്രാ പോലീസിലെ മീനാക്ഷി പാട്ടീല്‍ വെങ്കലവും നേടി. വനിതകളുടെ ജാവലിന്‍ ത്രോയില്‍ സിആര്‍പിഎഫിന്റെ കാര്‍ത്തി സഹാനി സ്വര്‍ണവും ചുംകി ചൗധരി വെള്ളിയും ഫുല്‍തുഷി ഘോഷ് വെങ്കലവും കരസ്ഥമാക്കി. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ബിഎസ്എഫിലെ ജഗ്മല്‍ സ്വര്‍ണവും പഞ്ചാബ് പോലീസിലെ മഖന്‍ സിങ് വെള്ളിയും ബിഎസ്എഫിലെ ഗോവാ റാം വെങ്കലവും നേടി.
വനിതകളുടെ ഹൈജമ്പില്‍ സിആര്‍പിഎഫിന്റെ സുമിത്ര നായിക് സ്വര്‍ണവും അനില്‍ ജജാരിയ വെള്ളിയും കരസ്ഥമാക്കി. സിഐഎസ്എഫ് എംഎച്ച്എയിലെ വിനിത ബണ്ഡാരി വെങ്കലം നേടി. പുരുഷന്‍മാരുടെ ട്രിപ്പിള്‍ ജമ്പില്‍ പശ്ചിമ ബംഗാള്‍ പോലീസിലെ സുഷെന്‍ റോയി സ്വര്‍ണവും ബിഎസ്എഫിലെ സഥന്‍ റായി വെള്ളിയും പഞ്ചാബ് പോലീസിലെ ജദീന്ദര്‍ സിങ് വെങ്കലവും നേടി. പുരുഷന്‍മാരുടെ ഡിസ്‌ക്കസ് ത്രോയില്‍ പഞ്ചാബ് പോലീസിലെ ബല്‍ജിന്‍ദര്‍ സിങ് സ്വര്‍ണവും പ്രഭ്‌ജോദ് സിങ് വെള്ളിയും നേടി. ബിഎസ്എഫിലെ സിംറാന്‍ജിത് സിങ്ങിനാണു വെങ്കലം.
ഇന്നലെ രാവിലെ ആരംഭിച്ച 64-ാമത് മീറ്റ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് പാസ്റ്റിനുശേഷം സ്‌പോര്‍ട്‌സ് താരവും അസിസ്റ്റന്റ് കമാന്‍ഡന്റുമായ സി.എസ്. മുരളീധരനില്‍ നിന്നു ദീപശിഖ ഏറ്റുവാങ്ങിയ ആഭ്യന്തരമന്ത്രി ഏഷ്യന്‍ ഗെയിംസിലും ദേശീയ ഗെയിംസിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ഡെപ്യൂട്ടി കമാന്‍ഡന്റ് സുഭാഷ് ജോര്‍ജിനു കൈമാറി. തുടര്‍ന്ന് ഏഷ്യന്‍ ഗെയിംസിലും ലോക പൊലീസ് മീറ്റിലും മെഡലുകള്‍ നേടിയിട്ടുള്ള പോലീസ് കായികതാരങ്ങള്‍ കൈമാറിയ ദീപശിഖ അന്തര്‍ദേശീയ മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഹവീല്‍ദാര്‍ സിനിയെ ഏല്‍പിച്ചു. സിനി ഗെയിംസ് ദീപത്തിനു തിരിതെളിച്ചു. അതിനു ശേഷം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയിലെ കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് 13 ഫൈനലുകളാണുള്ളത്. വനിതകളുടെ 10,000 മീറ്റര്‍ നടത്തം, പുരുഷന്മാരുടെ പോള്‍വോള്‍ട്ട്, വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ്, പുരുഷന്മാരുടെ ഷോട്ട്പുട്ട്, 110 മീറ്റര്‍ ഹര്‍ഡില്‍സ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, വനിതകളുടെ ട്രിപ്പിള്‍ ജമ്പ്, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസ്, പുരുഷ വനിതാ വിഭാഗങ്ങളുടെ 100 മീറ്റര്‍, വനിതകളുടെ ഡിസ്‌കസ് ത്രോ, പുരുഷ വനിതാ വിഭാഗങ്ങളുടെ 400 മീറ്റര്‍ ഫൈനലുകളും ഇന്ന് നടക്കും.
















