സെറവല്ലെ: മുന്‍ ചാമ്പ്യന്മാരും മുന്‍ ലോക ചാമ്പ്യന്മാരുമായ ഇംഗ്ലണ്ട് 2016 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്. യോഗ്യതാ റൗണ്ടിലെ കഴിഞ്ഞ കളിയില്‍ സാന്‍മരിനോയെ എതിരില്ലാത്ത ആറു ഗോളിന് തുരത്തി ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. രാജ്യത്തിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന ഇതിഹാസ താരം ബോബി മൂറിന്റെ ബഹുമതിക്കൊപ്പം നായകന്‍ വെയ്ന്‍ റൂണി എത്തിയെന്നതും മത്സരം ശ്രദ്ധേയമാക്കി. മറ്റു മത്സരങ്ങളില്‍ നിലവിലെ ജേതാക്കള്‍ സ്‌പെയ്ന്‍ ജയം കണ്ടപ്പോള്‍, കരുത്തരായ സ്വീഡനെ റഷ്യ കീഴടക്കി.
ഗ്രൂപ്പ് ഇയില്‍ തുടരെ ഏഴാം ജയം കുറിച്ച ഇംഗ്ലണ്ടിനായി റൂണിയാണ് സ്‌കോറിങ് തുടങ്ങിയത്. സാന്‍മരിനോയുടെ മൈതാനത്ത് 13ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി അനായാസം ലക്ഷ്യത്തിലെത്തിച്ചു നായകന്‍. 106ാമത്തെ കളിയില്‍ 49ാമത്തെ ഗോള്‍ റൂണിയുടെ ബൂട്ടില്‍നിന്ന്. ബോബി മൂറിനും 49 ഗോള്‍ സമ്പാദ്യം. 30ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബ്രോല്ലിയുടെ സെല്‍ഫ് ഗോള്‍ ഇംഗ്ലീഷ് ലീഡുയര്‍ത്തി. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ രണ്ട് ഗോള്‍ മുന്‍തൂക്കം ഇംഗ്ലണ്ടിന്. മടങ്ങിയെത്തിയപ്പോള്‍ കളംനിറഞ്ഞത് തിയോ വാല്‍ക്കോട്ട്. 68, 78 മിനിറ്റുകളില്‍ വാല്‍ക്കോട്ട് ലക്ഷ്യം കണ്ടു. റോസ് ബാര്‍ക്‌ലേ (46), ഹാരി കെയ്ന്‍ (77) എന്നിവരും സ്‌കോര്‍ ചെയ്തു.
ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 3-2ന് സ്ലൊവേന്യയോട് രക്ഷപെട്ടു. കളിയുടെ 80 മിനിറ്റ് വരെ രണ്ടു ഗോളിന് പിന്നിലായിരുന്ന സ്വിറ്റ്‌സര്‍ലന്‍ഡിനെ ജോസിപ് ഡ്രമിക്കിന്റെ ഇരട്ട ഗോളുകള്‍ രക്ഷിച്ചു. 45ാം മിനിറ്റില്‍ മിലിവോജെക് നൊവാകോവിച്ചും, മൂന്നു മിനിറ്റിനു ശേഷം ബോസ്റ്റ്ജന്‍ സെസാറും നേടിയ ഗോളില്‍ മുന്നിലെത്തി സ്ലൊവേന്യ. 80ാം മിനിറ്റില്‍ ജോസിപ് ആദ്യ ഗോള്‍ നേടി. നാലു മിനിറ്റിനു ശേഷം വലെന്റിന്‍ സ്‌റ്റോക്കര്‍ സമനില സമ്മാനിച്ചു. ഇഞ്ചുരി ടൈമില്‍ ലക്ഷ്യം കണ്ട ജോസിപ് സ്വിസ് പടയുടെ മാനം കാത്തു. ഗ്രൂപ്പില്‍ ഏഴു കളികളും ജയിച്ച ഇംഗ്ലണ്ടിന് 21 പോയിന്റ്. അഞ്ചു ജയത്തോടെ 15 പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമത്. 10 പോയിന്റുള്ള എസ്‌തോണിയ പ്ലേ ഓഫ് പ്രതീക്ഷയുമായി മൂന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് സിയില്‍ സ്ലൊവാക്യയ്‌ക്കെതിരായ ജയത്തോടെ നിലവിലെ ജേതാക്കള്‍ സ്‌പെയ്ന്‍ ഒന്നാം സ്ഥാനത്തേക്കു കയറി. അഞ്ചാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയും, 30ാം മിനിറ്റില്‍ ആന്ദ്രെ ഇനിയെസ്റ്റയും നേടിയ ഗോളുകളില്‍ ഗ്രൂപ്പില്‍ ഒന്നാമതായിരുന്ന സ്ലൊവാക്യയെ ചാമ്പ്യന്മാര്‍ തുരത്തിയത്. ഏഴു കളി പൂര്‍ത്തിയാക്കിയ സ്‌പെയ്‌നും സ്ലൊവാക്യയ്‌ക്കും 18 പോയിന്റ് വീതം. ഗോള്‍ ശരാശരി സ്‌പെയ്‌നെ തുണച്ചു.
ബെലാറസിനെ 3-1ന് കീഴടക്കി ഉക്രൈന്‍ 15 പോയിന്റുമായി മൂന്നാമത്. ആര്‍തെം ക്രാവെറ്റ്‌സ് (ഏഴ്), ആന്‍ഡ്രി യാര്‍മൊലെങ്ക് (30), യെഹ്‌വാന്‍ കൊനൊപ്ലിയങ്ക (40) എന്നിവര്‍ ഉക്രൈനായി സ്‌കോര്‍ ചെയ്തപ്പോള്‍, സെര്‍ജി കൊര്‍നിലെങ്കോ ബെലാറസിന്റെ ആശ്വാസം. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരുടെ പോരില്‍ ലക്‌സംബര്‍ഗ് 1-0ന് മാസിഡോണിയയെ കീഴടക്കി.
ഗ്രൂപ്പ് ജിയില്‍ ഒരു ഗോളിനാണ് സ്വീഡനെ റഷ്യ വീഴ്‌ത്തിയത്.
38ാം മിനിറ്റില്‍ ആര്‍തെം സുബ സ്‌കോറര്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സൂപ്പര്‍ താരം സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് പരുക്കേറ്റ് പുറത്തുപോയത് സ്വീഡന്റെ നിരാശ വര്‍ധിപ്പിച്ചു. ജയിച്ചിരുന്നെങ്കില്‍ രണ്ടാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാമായിരുന്നു സ്വീഡന്. ഏഴു കളികളില്‍ 12 പോയിന്റുണ്ട് അവര്‍ക്ക്. 11 പോയിന്റുള്ള റഷ്യ മൂന്നാമത്. ജയം റഷ്യയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.
മൊള്‍ഡോവയെ ഒരു ഗോളിന് കീഴടക്കി ഓസ്ട്രിയ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 52ാം മിനിറ്റില്‍ സ്ലാക്ടോ ജുനുസോവിച്ച് വിജയഗോളിനുടമ. 19 പോയിന്റുള്ള ഓസ്ട്രിയ ഏറെക്കുറെ യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൊണ്ടെനെഗ്രോ എതിരില്ലാത്ത രണ്ടു ഗോളിന് ലെയ്ച്‌റ്റെന്‍സ്‌റ്റെയ്‌നെ തുരത്തി.
















