ലണ്ടന്‍: റണ്ണൗട്ടില്‍നിന്നു രക്ഷപെടാനുള്ള ശ്രമത്തിനിടെ പന്ത് കൈകൊണ്ടു തടഞ്ഞ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് മത്സരത്തിന് ശൗര്യം വാരിവിതറി. ഫീല്‍ഡ് അമ്പയര്‍മാര്‍ ഔട്ട് നല്‍കിയില്ലെങ്കിലും ഓസീസ് അപ്പീലില്‍ ടിവി അമ്പയര്‍ ഔട്ട് വിധിച്ചു. സ്റ്റോക്‌സിനൊപ്പം ക്രീസിലുണ്ടായിരുന്ന നായകന്‍ ഇയാന്‍ മോര്‍ഗനും, ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും സംഭവത്തില്‍ അമ്പയര്‍മാരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
ഇംഗ്ലീഷ് ഇന്നിങ്‌സിലെ 26ാം ഓവറിലായിരുന്ന സംഭവം. ഇടംകൈയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ നാലാം പന്ത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്ത് ബൗളര്‍ക്കു നേരെ തട്ടിയിട്ടു സ്റ്റോക്‌സ്. ബാറ്റ്‌സ്മാന്‍ ക്രീസില്‍നിന്നു മുന്നോട്ടു കയറി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സ്റ്റാര്‍ക്ക് പന്ത് സ്റ്റംപിലേക്കെറിഞ്ഞു.
ക്രീസിലേക്കു മടങ്ങുന്നതിനിടെ സ്വയം രക്ഷിക്കാനെന്ന രീതിയില്‍ സ്റ്റോക്‌സ് പന്ത് ഇടതു കൈകൊണ്ട് തടുത്ത് നിലത്തിട്ടു. ഇതിനിടെ സ്റ്റോക്‌സ് വീണു. സ്റ്റാര്‍ക്ക് അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍മാര്‍ ധര്‍മസേനയും റോബിന്‍സണും അപ്പീല്‍ നിരസിച്ചു, ടിവി അമ്പയര്‍ക്ക് വിട്ടു. റീ പ്ലേ പരിശോധിച്ച ടിവി അമ്പയര്‍ ജോ വില്‍സണ്‍ ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് അപ്പീല്‍ അനുവദിച്ച് ഔട്ട് നല്‍കി.
ഇതോടെ, സ്മിത്തും മോര്‍ഗനും പരസ്പരവും അമ്പയര്‍മാരുമായും വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതിനിടെ, സ്റ്റോക്‌സ് മടങ്ങി. തീരുമാനത്തില്‍ മോര്‍ഗന്‍ അസംതൃപ്തിയും പ്രകടിപ്പിച്ചു.
















