ഭഗവദ്ഗീത എന്ന അമൃതസന്ദേശം അവതരിച്ച സുദിനം
ഭീഷ്മപര്‍വം ഇരുപത്തിയഞ്ചുമുതല്‍ നാല്‍പ്പത്തിരണ്ടുവരെ അധ്യായങ്ങളായി വ്യാസഭാരതത്തിന്റെ ഉള്ളേടുകളില്‍ സഞ്ചയിക്കപ്പെട്ടിട്ടുള്ള ഈ ആശയരാശി സ്വതന്ത്ര അസ്തിത്വമുള്ള ഒരു ഗ്രന്ഥമായി പഠിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ”ഗീതയെ അറിയുക, അത് ഭഗവാന്റെ നേരിട്ടുള്ളവാക്കാണ്. ഇതിനപ്പുറം മറ്റു ശാസ്ത്രപഠനങ്ങളുടെ പ്രസക്തിയെന്തുള്ളൂ എന്ന ആചാര്യമൊഴി ഗീതാതത്വത്തിന്റെ അമൂല്യതയെക്കുറിക്കുന്നു.
‘ഉപനിഷത്തിന്റെ ആദ്ധ്യാത്മിക സത്യങ്ങളാകുന്ന സുന്ദരപുഷ്പങ്ങളാല്‍ കൊരുത്ത മനോഹരമാലികയാണ് ഭഗവദ്ഗീത’ എന്ന വിവേകാനന്ദ വാണിയും, ”ഗീതയുടെ ഉപദേശങ്ങളില്‍ നിന്നു ലഭിക്കുന്നത്രയും പ്രേരണ എനിക്കു ഗിരിപ്രഭാഷണങ്ങളില്‍നിന്നും ലഭിക്കുന്നില്ല” എന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപനവും ഈ മാഹാത്മ്യത്തിന്റെ ആധുനികസാക്ഷ്യങ്ങളത്രെ! ഐന്‍സ്റ്റിനെപ്പോലുള്ള വിശ്വവിഖ്യാത ഭൗതികശാസ്ത്രാന്വേഷകരും ഷോപ്പനഹറിനെപ്പോലുള്ള പടിഞ്ഞാറിന്റെ സാമൂഹ്യദാര്‍ശനികരും ഞങ്ങളുടെ കണ്ടെത്തലുകളേക്കാള്‍ മേലെ ഗീതാപാഠങ്ങളെ പ്രതിഷ്ഠിച്ചാദരിച്ചു എന്നതും ഇതിന്റെ സാര്‍വലൗകിക സ്വീകാര്യക്ഷമതയെ സൂചിപ്പിക്കുന്നു. ഭാരതീയനാകട്ടെ ഗീത വെറുമൊരു ഗ്രന്ഥക്കെട്ടു മാത്രമല്ല, സംസാര സങ്കടങ്ങളൊടുക്കുന്ന മാതൃദേവിയാണ്, ഗീതാമാതാവാണ്. അര്‍ജ്ജുനന്‍ എന്ന ക്ഷത്രിയ യോദ്ധാവിനെ ഒരുനിമിത്ത മാത്രമാക്കിക്കൊണ്ട് ഭഗവാന്‍ ലോകത്തിന് പറഞ്ഞുകൊടുത്ത ഗഹനങ്ങളില്‍ ഗഹനമായ ജീവിതതത്വമാകുന്നു ശ്രീമദ് ഭഗവദ്ഗീത.
കഥയില്‍നിന്നു കാര്യത്തിലേക്ക്
ശ്രോതാവിന്റെ ശ്രദ്ധ ഉറപ്പിക്കുന്നതിനും ഉപദേശത്തിന്റെ ശരിയായ ധാരണക്കുംവേണ്ടി ഒരു കഥയുടെ അഴകൊത്ത പുറംചെപ്പില്‍ ഉദാത്തമായ ആശയങ്ങളെ അവതരിപ്പിക്കുന്നത് ആര്‍ഷപാരമ്പര്യത്തിന്റെ ശിക്ഷാസമ്പ്രദായമാണ്. ഭാരതേതിഹാസം രചിച്ച വ്യാസതൂലികയുടെ പ്രതിഭാസ്പര്‍ശം ഗീതയെ യുദ്ധാരംഭത്തില്‍ സന്നിവേശിപ്പിച്ചു. എന്തിനും തയ്യാറായി, അധികാരത്തിനുവേണ്ടി ചാവാനും ചതിക്കാനും തയ്യാറായി നില്‍ക്കുന്ന ഇരുസൈന്യങ്ങളുടേയും ദൃശ്യം അകക്കണ്ണില്‍ കണ്ട് സഞ്ജയന്‍ അന്ധനായ ധൃതരാഷ്‌ട്രര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. യുദ്ധാരംഭത്തിന്റെ ഈ അപ്രതീക്ഷിതസന്ധിയിലാണ് ഗീതോപദേശം മഹാഭാരതത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ളത്.
ഇതിഹാസത്തിന്റെ മര്‍മ്മമേഖല കുരുക്ഷേത്രത്തില്‍ നടന്ന ധര്‍മസംഗ്രാമമായിരുന്നു എന്നതില്‍ പക്ഷാന്തരങ്ങളുണ്ടാവാന്‍ വയ്യ! അന്ധനായ വൃദ്ധരാജാവിനെയും ഉള്‍ക്കണ്ണു ലഭിച്ച സചിവനേയും യുദ്ധോദ്യുക്തരായ ഗുരു-പിതൃ-പിതാമഹന്മാരെയും വര്‍ണിച്ച് ഭഗവദ്ഗീതയുടെ അവതാരത്തിന് കളമൊരുക്കുന്നു വ്യാസന്‍. പിതാമഹനും ഭ്രാതാക്കളും ഗുരുക്കന്മാരുമാണ് തങ്ങള്‍ക്കെതിരെ നില്‍ക്കുന്നതെന്ന പൂര്‍വബോധ്യമുണ്ടായിട്ടും സാരഥിയായ ഭഗവാനോട്, ‘സേനയുടെ നടുവിലേക്ക് തേരുനിറുത്തൂ. ഞാനൊന്നു കാണട്ടെ, യുദ്ധക്കൊതിപൂണ്ട് എത്തിയിട്ടുള്ളവരെ എന്ന അഹങ്കാരത്തില്‍ ചാലിച്ച വാക്കുകള്‍ പറയുന്ന അര്‍ജ്ജുനന്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒടുവില്‍ മനസ്സുകൊണ്ട് ആരെ നിഹനിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടാണോ യുദ്ധഭൂമിയില്‍ സന്നാഹങ്ങളുമായി വന്നത് അവരെക്കണ്ട് ദേഹം വിറച്ച്, വിയര്‍ത്ത് ഞാണഴിഞ്ഞ വില്ലുമായി തേര്‍ത്തട്ടിലിരുന്ന അര്‍ജ്ജുനന്റെ കര്‍മവിമുഖത എന്തിനെയാണ് ഉന്നംവയ്‌ക്കുന്നത്.
അവിടെയും തീരുന്നില്ല, ഈ യുദ്ധം അനാവശ്യമാണെന്നും ഇവരെക്കൊല്ലുന്നത് പാപമാണെന്നും പറയുന്ന ഭീരുത്വത്തിലേക്ക് അര്‍ജ്ജുനന്‍ വഴുതുന്നു. ഈ ചിന്തയുടെ സാധൂകരണത്തിന് പ്രമാണവേദിയായ പണ്ഡിതനെപ്പോലെ അറിവു പ്രസംഗിക്കാനും അര്‍ജ്ജുനന്‍ മടിക്കുന്നില്ല. പ്രതിസന്ധിക്കുമുന്നിലെ പരാജയഭീതന്റെ പിന്തിരിഞ്ഞോട്ടം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. ഇവിടെ സ്ഥലം യുദ്ധഭൂമിയായതും സന്ദര്‍ഭം യുദ്ധാരംഭമായതും പ്രവൃത്തി യുദ്ധമായതും പ്രവര്‍ത്തകര്‍ യോദ്ധാവായതും പറഞ്ഞുവെച്ച കഥയുടെ സ്വഭാവഗതികൊണ്ടുമാത്രം.
മുന്‍ചൊന്നപോലെ അര്‍ജ്ജുനനോടെന്നവണ്ണം ചെയ്യപ്പെട്ട ഈ ഉപദേശം ലോകത്തിലെ ഓരോ പ്രജയേയും ഉദ്ദേശിച്ചുകൊണ്ടാണത്രേ!
മര്‍ത്യരാശിയെ ബാധിക്കുന്ന കര്‍മജാഢ്യത്തെ നീക്കി കര്‍മണ്യതയുടെ നിരന്തരപ്രവൃത്തിയുടെ ചൈതന്യം നിറയ്‌ക്കുവാനുദ്ദേശിച്ചുപദേശിക്കപ്പെട്ടതാണ് ഭഗവദ്ഗീത. ഒന്നും ചെയ്യാതിരിക്കാനല്ല, ഒന്നില്‍നിന്നും ഒളിച്ചുപായാനുമല്ല, മറിച്ച് തനിക്ക് സ്വഭാവാനുസാരം വന്നുചേര്‍ന്നിട്ടുള്ള കര്‍മങ്ങളൊക്കെയും തന്നെ ധീരന്റെ ചുവടുറപ്പോടെ അഭിമുഖീകരിക്കാനും വിജയംവരെ പ്രയത്‌നിക്കാനുമുള്ള പ്രേരണയാണ് ഗീത പകര്‍ന്നു നല്‍കുന്നത്.
(തുടരും)
(കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വേദാന്തവിഭാഗം അസി.പ്രൊഫസറാണ് ലേഖകന്‍)
















