ന്യൂയോര്‍ക്ക്: ഫ്‌ളെഷിങ് മെഡോയില്‍ റാഫേല്‍ നദാലിന്റെ പടയോട്ടത്തിന് അന്ത്യം. രണ്ടുവട്ടം ഇവിടെ കിരീടമുയര്‍ത്തിയ എട്ടാം സീഡ് നദാലിനെ, 32ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി തുരത്തി. അതേസമയം, പുരുഷ-വനിതാ വിഭാഗങ്ങളിലെ ഒന്നാം സീഡുകള്‍ നൊവാക് ദ്യോകോവിച്ചും, സെറീന വില്യംസും മുന്നേറി. പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസിനും, മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സയ്‌ക്കും അടിതെറ്റി. മിക്‌സഡ് ഡബിള്‍സില്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടില്‍.
ആദ്യ രണ്ടു സെറ്റും അനായാസം നേടിയ ശേഷമാണ് ഫോഗ്നിനിയോട് നദാല്‍ തോല്‍വി വഴങ്ങിയത് (3-6, 4-6, 6-4, 6-3, 6-4). തോല്‍വി മുന്നില്‍ക്കണ്ട ശേഷമുള്ള ഇറ്റാലിയന്‍ താരത്തിന്റെ തിരിച്ചുവരവിന് മധുരമേറെ. പരുക്കുമൂലം കഴിഞ്ഞ വര്‍ഷം ഇവിടെയെത്താതിരുന്ന നദാലിന് തിരിച്ചുവരവില്‍ നിരാശ. അതേസമയം, കിരീടവഴിയില്‍ നൊവാക് ദ്യോകോവിച്ച് കുതിപ്പ് തുടരുന്നു. 25ാം സീഡ് ഇറ്റലിയുടെ ആന്ദ്രെ സെപ്പിയെ തുടര്‍ച്ചയായ സെറ്റില്‍ മടക്കി ദ്യോകോ (6-3, 7-5, 7-5). ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും അടുത്ത സെറ്റുകളില്‍ പൊരുതേണ്ടിവന്നു ഒന്നാം നമ്പറിന്.
ഏഴാം സീഡ് ഡേവിഡ് ഫെറര്‍ക്ക് അടിതെറ്റി. 27ാം സീഡ് ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡി നാലു സെറ്റില്‍ ഫെററുടെ പോരാട്ടം അവസാനിപ്പിച്ചു (7-6, 4-6, 6-3, 6-1). മറ്റു മത്സരങ്ങളില്‍ പത്തൊമ്പതാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ഉക്രൈന്റെ സെര്‍ജി സ്റ്റഖോവ്‌സ്‌കിയെയും (6-3, 7-5, 6-2), പതിനെട്ടാം സീഡ് ഫെലിസിയാനോ ലോപസ് പത്താം സീഡ് മിലോസ് റാവോനിക്കിനെയും (6-2, 7-6, 6-3), ബെനറ്റ് പെയര്‍ ടോമി റോബ്രഡോയെയും (7-6, 6-1, 6-1) കീഴടക്കി നാലാം റൗണ്ടില്‍. റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗറ്റിനെതിരേ 2-6, 5-7, 6-3, 3-1ല്‍ നില്‍ക്കെ ഡേവിഡ് ഗോഫിന്‍ പിന്മാറി.
വനിതകളില്‍ കലണ്ടര്‍ സ്ലാം ലക്ഷ്യമിടുന്ന സെറീനയ്‌ക്ക് മൂന്നാം റൗണ്ടില്‍ നന്നായി പൊരുതേണ്ടി വന്നു (3-6, 7-5, 6-0). യുഎസിന്റെ സീഡില്ലാ താരം ബെഥാനി മാറ്റെക് സാന്‍ഡ്‌സിനെതിരേ ആദ്യ സെറ്റ് കൈവിട്ടു സെറീന. രണ്ടാമത്തേതില്‍ പൊരുതിയെങ്കിലും അവസാനത്തേതില്‍ എതിരാളിയെ നിലംതൊടീച്ചില്ല ഒന്നാം നമ്പര്‍. സെറീനയുടെ സഹോദരി വീനസ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച്ചിനെ തുരത്തി (6-3, 6-4). അതേസമയം, പതിമൂന്നാം സീഡ് ഏകാത്രിന മകരോവയ്‌ക്ക് മടക്കം. പതിനേഴാം സീഡ് ഉക്രൈന്റെ എലിന സ്വിറ്റോലിനയെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി മകരോവ (6-3, 7-5). മുന്‍ ഒന്നാം നമ്പര്‍ അഗ്നീസ്‌ക റഡ്വാന്‍സ്‌കയ്‌ക്കും തോല്‍വി. 19ാം സീഡ് മാഡിസണ്‍ കീസിനോട് തുടര്‍ച്ചയായ സെറ്റില്‍ വീണു റഡ്വാന്‍സ്‌ക (6-3, 6-2). 25ാം സീഡ് യൂജിന്‍ ബൗച്ചാര്‍ഡ് സ്ലൊവാക്യയുടെ ഡൊമിനിക സിബുല്‍കോവയെയും (7-6, 4-6, 6-3), റോബര്‍ട്ട വിന്‍സി കൊളംബിയയുടെ മരിയാന ദുക്യു മരിനൊയയും (6-1, 4-7, 6-2) തോല്‍പ്പിച്ചു.
പുരുഷ ഡബിള്‍സില്‍ ലിയാന്‍ഡര്‍ പേസ്-സ്‌പെയ്‌ന്റെ ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോ സഖ്യത്തെ യുഎസിന്റെ സ്റ്റീവ് ജോണ്‍സണ്‍-സാം ക്വയറി ജോഡിയാണ് രണ്ടാം റൗണ്ടില്‍ വീഴ്‌ത്തിയത് (7-5, 4-6, 6-3). ഇന്ത്യന്‍ വംശജന്‍ യുഎസിന്റെ രാജീവ് റാം-ദക്ഷിണാഫ്രിക്കയുടെ റാവെന്‍ ക്ലാസെന്‍ സഖ്യം രണ്ടാം റൗണ്ടില്‍.
മിക്‌സഡ് ഡബിള്‍സില്‍ ഒന്നാം സീഡ് സാനിയ മിര്‍സ-ബ്രസീലിന്റെ ബ്രൂണോ സുവാരസ് കൂട്ടുകെട്ടിനെ സീഡില്ലാ സഖ്യം ചെക്ക് റിപ്പബ്ലിക്കിന്റെ ആന്ദ്രിയ ഹല്‍ക്കോവ-പോളണ്ടിന്റെ ലൂക്കാസ് കുബോട്ട് ജോഡിയാണ് ആദ്യ റൗണ്ടില്‍ മടക്കിയത് (6-3, 6-3). എന്നാല്‍, രണ്ടാം സീഡ് രോഹന്‍ ബൊപ്പണ്ണ-തായ്‌പേയ്‌യുടെ യുങ് ജാന്‍ ചാന്‍ സഖ്യം രണ്ടാം റൗണ്ടില്‍. ബെലിന്‍ഡ ബെന്‍സിച്ച്-ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോ കൂട്ടുകെട്ടിനെ തുടര്‍ച്ചയായ സെറ്റില്‍ തുരത്തി ഇന്തോ-തായ് ജോഡി (6-4, 6-4).
















