അക്ര: ഘാനയുടെ ഇതിഹാസ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ചാള്‍സ് കുമി ഗ്യാംഫി അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് മരിക്കുമ്പോള്‍ 88 വയസ്സായിരുന്നു.
ജര്‍മ്മനിയില്‍ കളിച്ച ആദ്യ ആഫ്രിക്കന്‍ താരമായിരുന്നു ഗ്യാംഫി. 1960-ല്‍ ഫോര്‍ച്ചുന ഡ്യുസ്സെല്‍ഡോര്‍ഫിനായാണ് ഗ്യാംഫി കളിച്ചത്. ഘാനയിലെ മുന്‍നിര ക്ലബുകളായ അസാന്റെ കൊടുക്കോ, അക്ര ഹാര്‍ട്ട്‌സ് ഓഫ് ഓക്ക് എന്നിവക്കുവേണ്ടി കളിച്ച ഗ്യാംഫി പിന്നീട് ദേശീയ ടീമിന്റെ പരിശീലകനുമായി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഘാനക്ക് നേടിക്കൊടുത്ത ആദ്യ പരിശീലകനെന്ന ബഹുമതിയും ഗ്യാംഫിക്ക് സ്വന്തമാണ്.
മൂന്നു തവണയാണ് ഗ്യാംഫിയുടെ പരിശീലനത്തിന്‍ കീഴില്‍ ഘാന ആഫ്രിക്കന്‍ ഫുട്‌ബോളിലെ ജേതാക്കളായത്. 1963, 65, 82 വര്‍ഷങ്ങളിലായിരുന്നു ഈ നേട്ടം. ഇതോടെ ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകനെന്ന ബഹുമതിയും ഗ്യാംഫിക്ക് സ്വന്തമായി. 1964, 72 ഒളിമ്പിക്‌സുകളിലും ഗ്യാംഫിയായിരുന്നു ഘാനയുടെ പരിശീലകന്‍. 1999, 2001 യൂത്ത് ലോകകപ്പിന്റെ ടെക്‌നിക്കല്‍ സ്റ്റഡി ഗ്രൂപ്പില്‍ അംഗമായിരുന്നു. കളി മറന്ന് പണത്തിന് പിറകെ പോവുന്ന കളിക്കാരുടെ പ്രവണതയുടെ വിമര്‍ശകന്‍ കൂടിയായിരുന്നു ഗ്യാംഫി.
















