മേപ്പാടി : കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനും ചൈല്‍ഡ് ലൈന്‍ പുറത്തിറക്കിയ കോമള്‍ ആനിമേഷന്‍ ചലചിത്രം ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.
ചൈല്‍ഡ് ലൈന്‍ വാര്‍ഷിക അവകലോകന യോഗത്തില്‍ ആനിമേഷന്‍ ചിത്രത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോകുന്ന കുട്ടികളെ തിരിച്ച് സ്കൂളില്‍ എത്തിക്കുന്നതിന് വേണ്ട തീവ്രയജ്ഞ പരിപാടി ‘സീറോ ഡ്രോപ്പൗട്ട്’ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലങ്ങളിലും ജില്ലാ തലങ്ങളിലും തുടര്‍ച്ചയായി യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തും. കാണാതെ പോകുന്ന കുട്ടികള്‍, ഇത്തരം സാഹചര്യങ്ങളിലെത്തുന്ന കുട്ടികള്‍, രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിയാത്ത കുട്ടികള്‍ എന്നിവരുടെ വിശദവിവരങ്ങള്‍ ചൈല്‍ഡ് ട്രാക്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ റഷീദ് അദ്ധ്യക്ഷനായിരുന്നു. സി.ബി.എസ്.ഇ സ്കൂളുകളിലേക്കുളള പോസ്റ്റര്‍ വിതരണം സംസ്ഥാന ബാലാവകാശ കമ്മീഷന് മെമ്പര്‍ ഗ്ലോറി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്മാന് അഡ്വ: തോമസ് ജോസഫ് തേരകം പ്രകാശനം ചെയ്തു. വിവിധ ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സന്നദ്ധസംഘനാപ്രവര്ത്തകര് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുരേഷ്, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ ദിനേശന്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്സണ്, ബിജു ജോസ്, രശ്മി എന്നിവര്‍ സംസാരിച്ചു.
വീഡിയോ ആവശ്യമായ സ്ഥാപനങ്ങള്‍ ചൈല്‍ഡ് ലൈന്‍ ജില്ലാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: