ജനുസാഞ്ച്
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ജാവിയര്‍ ഹെര്‍ണാണ്ടസ് ക്ലബ് വിട്ടു. ജര്‍മ്മന്‍ ക്ലബ് ബയേര്‍ ലെവര്‍ക്യൂസനിലേക്കാണ് മെക്‌സിക്കന്‍ താരമായ ഹെര്‍ണാണ്ടസ് കൂടുമാറിയത്. 7.3 മില്ല്യണ്‍ പൗണ്ടിനാണ് താരത്തെ ലെവര്‍ക്യൂസന്‍ സ്വന്തമാക്കിയത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. യുണൈറ്റഡിനായി 157 മത്സരങ്ങളില്‍ നിന്ന് 59 ഗോളുകള്‍ നേടിയിട്ടുണ്ട് ഹെര്‍ണാണ്ടസ്. കഴിഞ്ഞ വര്‍ഷം വായ്‌പാടിസ്ഥാനത്തില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിച്ച 27കാരനായ ഹെര്‍ണാണ്ടസ് 33 കളികളില്‍ നിന്ന് 9 ഗോളുകള്‍ നേടി.
മറ്റൊരു യുണൈറ്റഡ് താരമായ അഡ്‌നന്‍ ജനുസാഞ്ചും ക്ലബ് വിട്ടു. വായ്‌പാടിസ്ഥാനത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്കാണ് താരം കൂടുമാറിയത്. യുണൈറ്റഡിന് വേണ്ടി 60 കൡകളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ താരമാണ് 20 കാരനായ ജനുസാഞ്ച്.
അതേസമയം ലിവര്‍പൂള്‍ താരം ഫാബിയോ ബൊറിനിയെ 10 മില്ല്യണ്‍ പൗണ്ടിന് സണ്ടര്‍ലാന്‍ഡ് സ്വന്തമാക്കിയപ്പോള്‍ ഇന്റര്‍മിലാനില്‍ നിന്ന് ഹെര്‍നാനസിനെ 9.5 മില്ലണ്‍ പൗണ്ട് മുടക്കിയുംമാഴ്‌സെലോയില്‍ നിന്ന് മരിയോ ലെമിനയെ വായ്‌പാടിസ്ഥാനത്തിലും ജുവന്റസ് സ്വന്തം പാളയത്തിലെത്തിച്ചു. തുര്‍ക്കി ക്ലബ് ഗലത്‌സാരയില്‍ നിന്ന് എട്ട് മില്ല്യണ്‍ പൗണ്ട് മുടക്കി ഫിലിപ്പെ മെലോയെ ഇന്റര്‍ സ്വന്തം പാളയത്തിലെത്തിച്ചു.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റൗള്‍ ഗാര്‍ഷ്യയെ അത്‌ലറ്റിക് ബില്‍ബാവോ സ്വന്തമാക്കി. 11.2 ദശലക്ഷം ഡോളര്‍ (ഏകദേശം 75 കോടി രൂപയ്‌ക്കാണ് കരാര്‍.29കാരനായ ഗാര്‍ഷ്യയെ നാലു വര്‍ഷത്തേക്കാണ് ബില്‍ബാവോ സ്വന്തമാക്കിയത്.
ബല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാര്‍ ഒപ്പിട്ടു. 55 മില്ല്യണ്‍ പൗണ്ട് മുടക്കി ആറു വര്‍ഷത്തേക്കാണ് താരവുമായി ക്ലബ്ബ് കരാര്‍ ഒപ്പിട്ടത്. ഈ ട്രാന്‍സ്ഫര്‍ സീസണില്‍ ക്ലബ്ബ് സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ബ്രൂണ്‍. ഇംഗ്ലണ്ടിന്റെ റഹിം സ്റ്റര്‍ലിംഗ്, ഫാബിയാന്‍ ഡെല്‍ഫ്, അര്‍ജന്റൈന്‍ പ്രതിരോധ താരം നിക്കോലാസ് ഒറ്റാമെന്‍ഡി എന്നിവരുമായാണ് കെവിന് പുറമെ സിറ്റി കരാറിലൊപ്പിട്ടത്. എയ്ഞ്ചല്‍ ഡി മരിയക്ക് ശേഷം ഏറ്റവും ഉയര്‍ന്ന തുകക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെത്തുന്ന താരം കൂടിയാണ് കെവിന്‍.
ട്രാന്‍സ്ഫര്‍ സീസണിന്റെ അവസാന ദിനമായ ഇന്നലെ ബാഴ്‌സയില്‍ നിന്ന് അലക്‌സ് സോങ് വെസ്റ്റ്ഹാമിലെത്തി. വായ്‌പാടിസ്ഥാനത്തിലാണ് താരത്തെ ബാഴ്‌സലോണ വെസ്റ്റ്ഹാമിന് വിട്ടുനല്‍കിയത്.
















