ബീജിങ്: പതിനഞ്ചാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീലവീണു. അമേരിക്കയെയും റഷ്യയെയും ജമൈക്കയെയും പിന്തള്ളി ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ കെനിയന്‍ അധിനിവേശം. 7 സ്വര്‍ണ്ണവും 6 വെള്ളിയും 3 വെങ്കലവും മടക്കം 16 മെഡലുകളാണ് കെനിയന്‍ അത്‌ലറ്റുകള്‍ വെട്ടിപ്പിടിച്ചത്. രണ്ടാം സ്ഥാനത്ത് ജമൈക്ക. 7 സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകള്‍. മൂന്നാം സ്ഥാനത്ത് അമേരിക്ക. ആറ് വീതം സ്വര്‍ണ്ണം വെള്ളി വെങ്കലമടക്കം 18 മെഡലുകള്‍. കഴിഞ്ഞ തവണ ഏഴ് സ്വര്‍ണ്ണം നേടിയ റഷ്യക്ക് ഇത്തവണ രണ്ട് സ്വര്‍ണ്ണം മാത്രം. ഇന്ത്യ ഇത്തവണയും മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല. എന്നുമാത്രമല്ല ഏറെ നിരാശപ്പെടുത്തുകയും ചെയ്തു.
ഇന്നലെ നടന്ന വനിതാ മാരത്തണില്‍ മലയാളി താരം ഒ.പി. ജെയ്ഷ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചതാണ് അവസാന ദിനത്തെ നേട്ടം. സ്വന്തം പേരിലുള്ള റെക്കോര്‍ഡാണ് ജെയ്ഷ തിരുത്തിയത്. 2 മണിക്കൂര്‍ 34:43 സെക്കന്‍ഡില്‍ പതിനെട്ടാമതായാണ് ജെയ്ഷ ഫിനിഷ് ചെയ്തത്. ഈ വര്‍ഷം മുംബൈ മാരണത്തില്‍ കുറിച്ച 2 മണിക്കൂര്‍ 37:29 സെക്കന്‍ഡായിരുന്നു ജെയ്ഷയുടെ പേരിലുണ്ടായിരുന്ന പഴയ ദേശീയ റെക്കോര്‍ഡ്. ഈ സമയം മറികടന്ന് 2 മണിക്കൂര്‍ 35:35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇന്ത്യയുടെ തന്നെ സുധ സിങ് ജെയ്ഷയ്‌ക്ക് തൊട്ടുപിറകില്‍ പത്തൊന്‍പതാമതായി. സുധയുടെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണിത്. ഇന്ത്യയുടെ ലളിത ബബ്ബര്‍ മത്സരത്തിനിറങ്ങിയില്ല.
ഫോട്ടോ ഫിനിഷിന് സമാനമായ ഫിനിഷിങ് കണ്ട മത്സരത്തില്‍ എത്യോപ്യയുടെ മാരെ ഡിബാബ 2 മണിക്കൂര്‍ 27 മിനിറ്റ് 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണവും കെനിയയുടെ ഹെല കിപ്‌റോപ് 2 മണിക്കൂര്‍ 27 മിനിറ്റ് 36 സെക്കന്‍ഡില്‍ വെള്ളിയും ബഹ്‌റൈനിന്റെ യൂനിസ് ജെപ്കിര്യുയി കിര്‍വ 2 മണിക്കൂര്‍ 27 മിനിറ്റ് 39 സെക്കന്‍ഡില്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ ഹൈജമ്പില്‍ കാനഡയുടെ ഡെറിക് ഡ്രൊയിന്‍ 2.34 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ ഉക്രെയിനിന്റെ ബോദാന്‍ ബൊന്‍ഡാരെന്‍കോയും ചൈനയുടെ ഷാങ് ഗ്യുവി എന്നിവര്‍ 2.33 മീറ്റര്‍ ചാടി വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 1500 മീറ്ററില്‍ കെനിയയുടെ നിലവിലെ ചാമ്പ്യന്‍ അസ്ബല്‍ കിപ്‌റോപ് മൂന്ന് മിനിറ്റ് 34.40 സെക്കന്‍ഡില്‍ സ്വര്‍ണ്ണം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണയാണ് കിപ്‌റോപ് 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടുന്നത്. വെള്ളിമെഡലും കെനിയക്ക്. എലിജ മൊടോനി മനന്‍ഗോയി 3:34.63 സെക്കന്‍ഡില്‍ വെള്ളി സ്വന്തമാക്കി. മൊറാക്കോയുടെ അബദലാടി ഇഗ്യുഡെര്‍ വെങ്കലം നേടി.
4-400 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണ്ണവും ട്രിനിഡാഡ് ആന്റ് ടുബാഗോ വെള്ളിയും ബ്രിട്ടന്‍ വെങ്കലവും നേടിയപ്പോള്‍ വനിതാ വിഭാഗം ഈയിനത്തില്‍ ജമൈക്ക പൊന്നണിഞ്ഞു. അമേരിക്ക വെള്ളിയും ബ്രിട്ടണ്‍ വെങ്കലവും നേടി.
വനിതകളുടെ ജാവലിന്‍ ത്രോയില്‍ ജര്‍മ്മനിയുടെ കത്‌റീന മോലിറ്റര്‍ 67.69 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും ചൈനയുടെ ലു ഹ്യുഹ്യു 66.13 മീറ്റര്‍ എറിഞ്ഞ് ഏഷ്യന്‍ റെക്കോര്‍ഡോടെ വെള്ളിയും ദക്ഷിണാഫ്രിക്കയുടെ സുനെറ്റെ വിലിയോണ്‍ വെങ്കലവും സ്വന്തമാക്കി. 5000 മീറ്ററില്‍ മൂന്ന് മെഡലും എത്യോപ്യയ്‌ക്ക്. അല്‍മാസ് അയാനക്ക് സ്വര്‍ണ്ണം. 14:26.83 സെക്കന്‍ഡില്‍ ഫിനിഷ്‌ചെയ്ത് ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡോടെയാണ് പൊന്നണിഞ്ഞത്. സെനിബറെ ടെഫേരി വെള്ളിയും ജെന്‍സെബെ ഡിബാബ വെങ്കലവും നേടി.
ചാമ്പ്യന്‍ഷിപ്പില്‍ ഒരു ലോകറെക്കോര്‍ഡ് മാത്രമാണ് ഇത്തവണ പിറവിയെടുത്തത്. പുരുഷന്മാരുടെ ഡെക്കാത്ത്‌ലണില്‍ അമേരിക്കയുടെ ആഷ്ടണ്‍ എയ്റ്റനാണ് ലോക റെക്കോര്‍ഡിന് അവകാശി. നാല് ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍ഡുകളും ഒമ്പത് ദിവസം നീണ്ടുനിന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പിറന്നു. 2017-ല്‍ ലണ്ടനിലാണ് അടുത്ത ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.
















