ബെംഗളൂരു: ബെംഗളൂരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ ജയം. 198 വാര്‍ഡുകളില്‍ 101 എണ്ണവും കരസ്ഥമാക്കി ബിജെപി ഭരണം നിലനിര്‍ത്തി. തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കനത്ത തിരിച്ചടിയാണ്. അവര്‍ക്ക് 75 സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ ജനതാ ദളിന്( മതേതരം)വെറും 14 സീറ്റുകളേ ലഭിച്ചുള്ളൂ.
സ്വതന്ത്രര്‍ അടക്കം മറ്റുള്ളവര്‍ക്ക് എട്ടു വാര്‍ഡുകള്‍ കിട്ടി. സ്വതന്ത്രര്‍ ബിജെപിക്ക് ഒപ്പമാണ്. മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ ബിജെപിക്ക് ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടിറങ്ങിയിട്ടും കനത്ത തോല്‍വിയാണ് പിണഞ്ഞത്. തോല്‍വിയെത്തുടര്‍ന്ന് മന്ത്രിസഭയിലും അഴിച്ചുപണി വേണ്ടിവരുമെന്നാണ് സൂചനകള്‍.
വമ്പന്‍ വിജയം കരസ്ഥമാക്കിയ ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അനുമോദിച്ചു. ബിജെപിയെ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറ്റിയ ജനങ്ങളോട് ഇരുവരും നന്ദി പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷത്തില്‍ ഇതാദ്യമായാണ് ബെംഗളൂരു കോര്‍പ്പറേഷന്‍ ഭരിക്കുന്ന പാര്‍ട്ടി അധികാരം നിലനിര്‍ത്തുന്നത്. കോണ്‍ഗ്രസിനെ ജനങ്ങള്‍ തള്ളിയിരിക്കുന്നു. കേന്ദ്ര മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.മോദിക്കുള്ള ജനപിന്തുണ കൂടിയാണ് ഇത്. സോണിയയുടേയും രാഹുലിന്റെയും ബിജെപി വിരുദ്ധ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. അദ്ദേഹം തുടര്‍ന്നു.
ശനിയാഴ്ചയാണ് 198ല്‍ 197 വാര്‍ഡുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഒരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വ്യാജജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതയിനെത്തുടര്‍ന്ന് ഇയാളെ അയോഗ്യനാക്കുകയും ബിജെപിയുടെ ഭാരതീ രാമചന്ദ്ര വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
74 ലക്ഷം വോട്ടര്‍മാരില്‍ 36 ലക്ഷം പേര്‍ വോട്ട് ചെയ്തു, 49.3 ശതമാനം പോളിംഗ്.കനത്ത മഴ പോളിംഗിനെ ബാധിച്ചിരുന്നു. 2010ലാണ് ബിജെപി ബെംഗളൂരു കോര്‍പ്പറേഷന്‍ ഭരണം ആദ്യമായി പിടിച്ചെടുത്തത്. 116 വാര്‍ഡുകളാണ് അന്ന് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി ബിജെപി വിജയം ആവര്‍ത്തിക്കുകയായിരുന്നു.
















