ചെന്നൈ: മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കു നേരെ ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണം. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇരുപതോളം ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ഏഴ് ബോട്ടുകളിലായി എത്തിയ നാവിക സേനാംഗങ്ങള്‍ മത്സ്യത്തൊഴിലാളികളെ വളയുകയായിരുന്നു.
ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനത്തിലെര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു ബോട്ട് മുങ്ങി. ഇതിലുണ്ടായിരുന്ന നാലു തൊഴിലാളികള്‍ മറ്റ് ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശ്രീലങ്കയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഏറ്റവും ക്രൂരമായ ആക്രമണമാണിതെന്ന് തമിഴ്‌നാട് മത്സ്യത്തൊഴിലാളി അസോസിയേഷന്‍ പ്രസിഡന്റ് എന്‍.എ ബോസ് വ്യക്തമാക്കി.
ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
















