കൊച്ചി: കലൂര്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള മെട്രോ സ്ഥലമെടുപ്പില്‍ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎംആര്‍എല്‍ അലൈന്‍മെന്റ് മാറ്റുന്നത് പരിശോധിക്കുന്നു. പരാതികള്‍ പരിശോധിക്കാന്‍ പദ്ധതിയുടെ വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിയ റെയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്റ് ഇക്കണോമിക് സര്‍വീസസിന് (റൈറ്റ്‌സ്) കെഎംആര്‍എല്‍ നിര്‍ദ്ദേശം നല്‍കി. റൈറ്റ്‌സിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്ചയോടെ ലഭിക്കുമെന്നും ഇതിന് ശേഷം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നും കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.
മെട്രോ കാക്കനാട്ടേക്ക് നീട്ടാന്‍ ഏതാനും മാസംമുന്‍പാണ് മന്ത്രിസഭാനുമതി ലഭിച്ചത്. 22 മീറ്ററില്‍ റോഡ് വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പിന് സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ മൂന്നിടത്താണ് പരാതികള്‍ ഉയര്‍ന്നത്. കാക്കനാട് മീഡിയ അക്കാദമി, ചെമ്പുമുക്കിനും വാഴക്കാലിനും ഇടയിലുള്ള ഫ്‌ലാറ്റ് സമുച്ചയം, ഗുരുദേവ ക്ഷേത്രം എന്നിവയെ സ്ഥലമെടുപ്പ് ബാധിക്കും. കെഎംആര്‍എല്ലിനും സര്‍ക്കാരിനും ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്.
നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് ഗുരുദേവ ക്ഷേത്രം പകുതിയോളം പൊളിച്ച് നീക്കേണ്ടി വരും. ഇതിനെതിരെ എസ്എന്‍ഡിപിയുടെയും ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ റൈറ്റ്‌സിന്റെ പുതിയ റിപ്പോര്‍ട്ടിലും ഗുരുദേവ ക്ഷേത്രം ഒഴിവാക്കാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
രണ്ട് വളവുകളുള്ളതിനാല്‍ മാറ്റം അപ്രായോഗികമാണ്. നാനൂറ് മീറ്റര്‍ മുന്‍പ് അലൈന്‍മെന്റ് മാറ്റിയാല്‍ ഗുരുദേവ ക്ഷേത്രത്തെ ഒഴിവാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് സമീപത്തെ ഫ്‌ലാറ്റ് സമുച്ചയത്തെ ബാധിക്കും. മുസ്ലീംലീഗുമായി ബന്ധമുള്ള വ്യവസായികളെ സഹായിക്കുന്നതിനാണ് ഗുരുദേവ ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതെന്നാണ് ആരോപണം. ഇതിനെതിരെയാണ് പ്രക്ഷോഭം.
കാക്കനാട് മീഡിയ അക്കാദമിയുടെ രണ്ട് കെട്ടിടങ്ങളെ നിലവിലെ അലൈന്‍മെന്റ് ബാധിക്കും. ചെമ്പുമുക്കിനും വാഴക്കാലിനും ഇടയിലുള്ള ഫ്‌ലാറ്റ് സമുച്ചയത്തിന്റെ മുന്‍ഭാഗവും പൊളിച്ച് നീക്കേണ്ടി വരും.
സാമൂഹിക പ്രത്യാഘാതത്തിനുപരിയായി സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് റൈറ്റ്‌സ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
















