കല്‍പ്പറ്റ:ജില്ലയിലെ ആദ്യ എല്‍.പി.ജി ശ്മശാനം മീനങ്ങാടിയില്‍ സജ്ജമായി. ‘ഒരുമയോടെ മികവിലേക്ക് ‘ എന്ന മുദ്രാവാക്യവുമായി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ എല്‍.പി.ജി ശ്മശാനത്തിന്റെ നിര്‍മ്മാണം മറ്റൊരു നാഴികക്കല്ലായി. ശ്മശാനത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനവും പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ജൂബിലി ജങ്ഷനില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 60 സെന്റ് സ്ഥലത്താണ് 63 ലക്ഷം രൂപ ചെലവഴിച്ച് അത്യാതുനിക ശ്മശാനം നിര്‍മ്മിച്ചത്. 20 ലക്ഷം രൂപ ചെലവില്‍ പണിത കെട്ടിടത്തില്‍ 18.5 ലക്ഷം രൂപ അടങ്കലില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ലിമിറ്റഡാണ് യന്ത്രങ്ങള്‍ സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി കുഴല്‍ കിണര്‍, ഗ്യാസ് മുറി, ട്രോളി, ഫര്‍ണസ്, പുകക്കുഴല്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ശരീരം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുക ജല സംഭരണിയിലേക്ക് കടത്തിവിട്ട് ലയിപ്പിച്ച് 100 അടി ഉയരമുള്ള പുകക്കുഴലിലൂടെ പുറന്തള്ളും വിധമാണ് ഫര്‍ണസ് നിര്‍മ്മിച്ചിരിക്കുന്നത്. വൈദ്യുത ശ്മശാനങ്ങളെ അപേക്ഷിച്ച് പ്രവര്‍ത്തനചെലവ് കുറവാണ്. മലിനീകരണമില്ലാതെ ഒരു മണിക്കൂറുകൊണ്ട് മൃതദേഹം ദഹിപ്പിക്കാന്‍ കഴിയും. പഞ്ചായത്തിന്റെ പ്രകൃതി സൗഹാര്‍ദ്ദ നിലപാടും ഇതുവഴി വ്യക്തമാവുകയാണ്.
ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ.ആധ്യക്ഷനായി. അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.കവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദ് ഉപഹാര സമര്‍പ്പണം നടത്തി. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍ സ്വാഗതവും സെക്രട്ടറി സ്കറിയ പൗലോസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: