ടോക്കിയോ: ‘ഗോനി’ ഒക്കിനാവയിലെത്തി. ശനിയാഴ്ച വടക്കന്‍ ഫിലിപ്പൈന്‍സില്‍ വീശിയടിച്ച് 15 പേരുടെ ജീവനെടുത്ത ശേഷമാണ് ഗോനി ചുഴലിക്കാറ്റ് തിങ്കളാഴ്ചയോടെ തെക്കന്‍ ജാപ്പനീസ് ദ്വീപായ ഒക്കിനാവയിലേക്ക് നീങ്ങിയത്.
പ്രദേശത്ത് കനത്ത മഴയും കാറ്റും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 256 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് വഴിയിലുണ്ടായിരുന്ന കാറുകള്‍ തലകീഴായി മറിഞ്ഞു. ജനാലച്ചില്ലുകള്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റതായി ജാപ്പനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ്പെന്‍സില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കനത്ത മഴയായിരുന്നു. ഇവിടെയുണ്ടായ മണ്ണിടിച്ചിലില്‍ 12 പേരോളം മരിച്ചു. മണ്ണിടിച്ചിലിലും, മരം വീണും, വെള്ളത്തില്‍ മുങ്ങിയും മൂന്ന് പേര്‍ മരിച്ചു. സ്വര്‍ണ ഖനനത്തിലേര്‍പ്പെട്ടിരുന്ന നിരവധി പേരെ കാണാതായി.
തൊഴിലാളികള്‍ ഉറങ്ങിക്കിടക്കവെ അവരുടെ കാന്പിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. നൂറോളം പൊലീസുകാരും ഖനന തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
32000 പേര്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറി. ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. നിരവധി വിമാനങ്ങളും ബോട്ടുകളും റദ്ദാക്കി.
















