അങ്കമാലി: സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പ് 24, 25 തീയതികളില്‍ മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. കേരള സംസ്ഥാന ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സബ് ജൂനിയര്‍ യൂത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിലെ 14 ജില്ലകളില്‍ നിന്നും ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കും.
24ന് 2ന് ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍വച്ച് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കേരള ജൂഡോ അസോസിയേഷന് പ്രസിഡന്റ് എ. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
ഫെഡറല്‍ ബാങ്ക് സോണല്‍ ഹെഡ് എന്‍. വി. സണ്ണി, അങ്കമാലി നഗരസഭ ചെയര്മാന് ബെന്നി മൂഞ്ഞേലി, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വി. മോഹനന്, ബാംബൂ കോര്പ്പറേഷന് ചെയര്മാന് പി. ജെ. ജോയി, മുന്‍ എം. പി. കെ. പി.ധനപാലന്, കേരള ജൂഡോ അസോസിയേഷന് ജനറല്‍ സെക്രട്ടറി ജോയ് വര്‍ഗീസ് കെ., തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ നടക്കും. 25 ന് വൈകീട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിക്കും.
















