ബീജിങ്: ട്രാക്കിലെയും ഫീല്‍ഡിലെയും മിന്നല്‍ പ്രകടനങ്ങള്‍ക്ക് ഇന്ന് തുടക്കം. 15-ാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയുടെ പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ അരങ്ങുണരും. ട്രാക്കിലെയും ഫീല്‍ഡിലെയും സൂപ്പര്‍ താരങ്ങള്‍ ആവേശത്തോടെ കളത്തിലിറങ്ങുമ്പോള്‍ 30 വരെ കായിക ലോകത്തിന് ഓണക്കാഴ്ച.
കൂടുതല്‍ വേഗവും ഉയരവും ദൂരവും തേടിയുള്ള 2008ലെ ബീജിങ് ഒളിമ്പിക്‌സ് വിജയിപ്പിച്ചതുപോലെയുള്ള തയാറെടുപ്പുകളാണ് ലോക ചാമ്പ്യന്‍ഷിപ്പിനും ചൈന സജ്ജീകരിക്കുന്നത്. അത്‌ലറ്റിക്‌സിലെ സൂപ്പര്‍ താരങ്ങളെ വരവേല്‍ക്കാന്‍ ചൈന പക്ഷിക്കൂട്ടിലേക്ക് ഒഴുകിയെത്തുന്ന് സംഘാടകരുടെ പ്രതീക്ഷ. ലോക ചാമ്പ്യന്‍ഷിപ്പിന് വേദിയാവുന്ന നാലാമത്തെ ഏഷ്യന്‍ നഗരമാണ് ബീജിങ്. ടോക്കിയോ (1991), ഒസാക്ക (2007), ദേഗു (2011) എന്നീ നഗരങ്ങള്‍ മുന്‍പത്തെ ആതിഥേയര്‍.
പുരുഷ-വനിതാ വിഭാഗങ്ങളില്‍ 47 സ്വര്‍ണ മെഡലിന് അവകാശികളുണ്ടാകും ബീജിങ്ങില്‍. പുരുഷ വിഭാഗത്തില്‍ 24, വനിതകളില്‍ 23 സ്വര്‍ണം. 50 കിലോമീറ്റര്‍ നടത്തം പുരുഷന്മാര്‍ക്കു മാത്രം. ഇന്ന് രാവിലെ പുരുഷന്മാരുടെ മാരത്തണില്‍ ആദ്യ സ്വര്‍ണം തീരുമാനിക്കും. 30ന് പുരുഷവിഭാഗം 4ഃ400 മീറ്റര്‍ റിലേയില്‍ അവസാന മെഡലും നിശ്ചയിക്കപ്പെടും.
നാളെയാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പുരുഷ താരത്തെ കണ്ടെത്തുക.
ജമൈക്കയുടെ ലോക റെക്കോഡുകാരന്‍ ഉസൈന്‍ ബോള്‍ട്ടും ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയം കുറിച്ച അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനുമാകും ട്രാക്കില്‍ തീപടര്‍ത്തുക. ഒപ്പം അമേരിക്കയുടെ തന്നെ ടൈസണ്‍ ഗേ, ജമൈക്കയുടെ അസഫാ പവല്‍, നിക്കല്‍ ആഷ്‌മെയ്ഡ്, കെമര്‍ ബെയ്‌ലി തുടങ്ങിയവരുമുണ്ടാകും.
അത്‌ലറ്റിക്‌സിലെ തലയെടുപ്പുള്ള രണ്ടായിരത്തിലേറെ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകും. ആദ്യമായാണ് ഇത്രയും താരങ്ങള്‍ മത്സരിക്കാനെത്തുന്നത്. 2013ലെ മോസ്‌കോ ചാമ്പ്യന്‍ഷിപ്പില്‍ 1970 പേര്‍ ട്രാക്കിലിറങ്ങി. 130 താരങ്ങളുമായി എത്തുന്ന അമേരിക്കയുടേത് വലിയ സംഘം. ബ്രിട്ടന്‍ 63 പേരുമായും ജമൈക്ക 53 പേരുമായാണ് ചൈനയിലെത്തിയത്.
ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ കൂടുതല്‍ മെഡല്‍ നേടിയിട്ടുള്ളത് അമേരിക്ക. 138 സ്വര്‍ണം, 88 വെള്ളി, 75 വെങ്കലമടക്കം 301 മെഡലുകള്‍. 53 സ്വര്‍ണം, 59 വെള്ളി, 54 വെങ്കലമടക്കം 166 മെഡലുകളുമായി റഷ്യ രണ്ടാമത്. 43 സ്വര്‍ണം, 37 വെള്ളി, 32 വെങ്കലവുമായി 112 മെഡലുകളോടെ കെനിയ മൂന്നാമത്.
2013-ലെ മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏഴു സ്വര്‍ണവുമായി മെഡല്‍ വേട്ടയില്‍ റഷ്യ മുന്നില്‍. കൂടാതെ നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 17 മെഡലുകള്‍. രണ്ടാം സ്ഥാനം അമേരിക്കയ്‌ക്ക്. ആറ് സ്വര്‍ണം, 14 വെള്ളി, അഞ്ച് വെങ്കലമടക്കം 25 മെഡലുകള്‍. ഇന്ത്യക്ക് ഇതുവരെ ഒരു വെങ്കലം മാത്രമാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. 2003ലെ പാരീസ് മീറ്റില്‍ വനിതകളുടെ ലോങ്ജമ്പില്‍ അഞ്ജു ബോബി ജോര്‍ജാണ് വെങ്കലം നേടി ചരിത്രത്തില്‍ ഇടംപിടിച്ചത്.
















