കൊച്ചി: തേക്കടിയില്‍ ടൂറിസവികസനത്തിനായി ഒബ്‌റോയ് ഗ്രൂപ്പിന്റേയും സര്‍ക്കാരിന്റേയും സംയുക്ത പങ്കാളിത്തത്തോടെ ആരംഭിക്കാനിരുന്ന ഒബ്‌റോയ് കേരളഹോട്ടല്‍ പദ്ധതി ഉപേക്ഷിച്ച് ഇതിനായി കണ്ടെത്തിയ 9.40 ഏക്കര്‍ ഭൂമി വില്‍ക്കുവാനും 80 ശതമാനം തുക ഒബ്‌റോയ് ഗ്രൂപ്പിനു നല്‍കുവാനുമുള്ള മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
50 കോടിയോളം വിലമതിക്കുന്ന ഈ ഭൂമി ഒബാറോയ് കേരള ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട് എന്ന കമ്പനി പണം കൊടുത്ത് വാങ്ങിയെന്നാണ് അവകാശപ്പെടുന്നത്. ഈ വിവാദ ഭൂമി ആരുടെ പക്കല്‍ നിന്നാണ് വാങ്ങിയെന്നതിന് വ്യക്തതയില്ല എന്നതുതന്നെ ഇതിനുപിന്നിലുള്ളത് ഗൂഢനീക്കമാണെന്ന് സ്ഥിതീകരിക്കുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും യഥേഷ്ടം ഭൂമി പതിച്ചു കൊടുക്കുകയും ഭൂമികള്‍ വില്‍ക്കുവാനുള്ള തീരുമാനവും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















