കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ 15 ട്രെയിനി നഴ്‌സുമാര്‍ക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ട്രെയിനിങ് കാലാവധി തീര്‍ന്നിട്ടും ട്രെയിനികളായി ജോലി നോക്കിയിരുന്നവരാണ് നഴ്‌സുമാര്‍.
ദിവസ വേതന അടിസ്ഥാനത്തില്‍ 350 രൂപ വീതം ശമ്പളം നല്‍കും. ട്രെയിനികളായി ജോലി ചെയ്ത രണ്ട് വര്‍ഷം സ്റ്റാഫ് നഴ്‌സായി കണക്കാക്കി എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്നും ആരോഗ്യ സെക്രട്ടറി അറിയിച്ചു. ദിവസ വേതനത്തില്‍ തുടര്‍ന്നാല്‍ ഒഴിവ് വരുന്നത് അനുസരിച്ച് ദിവസ വേതന സ്റ്റാഫ് നഴ്‌സുമാരായി മാറ്റും. എന്നാല്‍ നഴ്‌സുമാര്‍ ഇതിന് തയ്യാറായില്ല. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി സേവനം അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
നിലവില്‍ 5000 രൂപ മാസശമ്പളത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമാണ് ട്രെയിനി നഴ്‌സുമാരെ നിയമിച്ചത്. ജീവനക്കാരുടെ എണ്ണം കുറവായത് കൊണ്ട് ഇവരെ നിലനിര്‍ത്തിയെങ്കിലും സ്റ്റാഫ് ആനുകൂല്യങ്ങള്‍ നല്‍കിയില്ല. ഇതോടെ ട്രെയിനിങ് കഴിഞ്ഞുള്ള രണ്ട് വര്‍ഷം ജോലി ചെയ്തത് സ്റ്റാഫ് നഴ്‌സ് പ്രവര്‍ത്തിപരിചയമായി കണക്കാക്കണം എന്ന് നഴ്‌സുമാര്‍ ആവശ്യപ്പെട്ടു.
ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്താല്‍ ഇനിയുള്ള ഒഴിവുകളില്‍ തങ്ങളെ പരിഗണിക്കുമോ എന്ന് ഉറപ്പില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. അത് കൊണ്ട് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങുകയാണെന്ന് നഴ്‌സുമാര്‍ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
















