സിന്‍സിനാറ്റി: സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച്, മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, എട്ടാം സീഡ് റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി.
ഡോക്കോവിച്ച് ഫ്രഞ്ച് താരം ബെനോയിറ്റ് പെയ്റെയെ 7-5, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ ആന്‍ഡി മുറെ അമേരിക്കയുടെ മാര്‍ഡി ഫിഷിനെ 6-4, 7-6 (7-1) എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കും കീഴടക്കി. റാഫേല്‍ നദാല്‍ ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. രണ്ടാം സീഡ് റോജര്‍ ഫെഡറര്‍, അഞ്ചാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക, ആറാം സീഡ് തോമസ് ബര്‍ഡിച്ച്, ഏഴാം സീഡ് മാരിന് സിലിക്ക് തുടങ്ങിയവരും മൂന്നാം ഘട്ടത്തിലേക്ക് മുന്നേറിയിട്ടുണ്ട്.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസ്, മൂന്നാം സീഡ് സിമോണ ഹാലപ്പ്, കഴിഞ്ഞ ദിവസം റോജേഴ്സ് കപ്പില്‍ കിരീടം ചൂടിയ ബെലിന്‍ഡ ബെന്‍സിക്ക്, അന്ന ഇവാനോവിച്ച്, വിക്ടോറിയ അസാരങ്ക തുടങ്ങിയവര്‍ മൂന്നാം റൗണ്ടിലെത്തി.
വനിതാ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് ജോഡി ക്വാര്‍ട്ടറിലെത്തി. ജര്‍മ്മനിയുടെ ജൂലിയ ജോര്‍ജസ്-പോളണ്ടിന്റെ ക്ലോഡിയ യാന്‍ ഇഗ്നാസിക്ക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സാനിയ സഖ്യം മുന്നേറിയത്. സ്കോര്‍ 7-6 (7-3), 6-4. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്ക സഖ്യവും ക്വാര്‍ട്ടറിലെത്തി.
















