കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുത്തിട്ടുണ്ട്. 19 റണ്‍സുമായി വൃദ്ധിമാന്‍ സാഹയാണ് ക്രീസില്‍. ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ സെഞ്ചുറിയും (108) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ (67)യും രോഹിത് ശര്‍മ്മയുടെയും (79) അര്‍ദ്ധസെഞ്ചുറികളുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം മുരളി വിജയ് ടീമിലെത്തിയപ്പോള്‍ ഹര്‍ഭജനും വരുണ്‍ ആരോണിനും പകരം സ്റ്റുവര്‍ട്ട് ബിന്നിയും ഉമേഷ് യാദവും അവസാന ഇലവനില്‍ ഇടംപിടിച്ചു. ശ്രീലങ്കന്‍ ടീമില്‍ പരിക്കേറ്റ നുവാന്‍ പ്രദീപിന് പകരം ദുഷ്മന്ത ചമീര ഇടംനേടി.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനം പിഴച്ചുവെന്ന പ്രതീതിയാണ് തുടക്കത്തിലുണ്ടായത്. സ്‌കാര്‍ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതെ മുരളി വിജയിനെ ഇന്ത്യക്ക് നഷ്ടമായി. ധമിക പ്രസാദിന് വിക്കറ്റ്. നാല് പന്തുകള്‍ മാത്രമാണ് മുരളി നേരിട്ടത്.
തുടര്‍ന്ന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിച്ച അജിന്‍ക്യ രഹാനെയും ഇന്നലെ നിരാശപ്പെടുത്തി. 11 പന്തുകള്‍ നേരിട്ട് നാല് റണ്‍സ് മാത്രമെടുത്ത രഹാനെയെ പ്രസാദിന്റെ പന്തില്‍ കരുണരത്‌നെ പിടികൂടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 12 റണ്‍സ് മാത്രം. ഇതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ നേരിടുമെന്ന് തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലിനൊപ്പം വിരാട് കോഹ്‌ലി ഒത്തുചേര്‍ന്നതോടെ ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തി. ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്ന രാഹുല്‍ ഇന്നലെ ഏറെ കരുതലോടെയാണ് കളിച്ചത്. തുടക്കത്തില്‍ അല്പം പരിഭ്രമം കാണിച്ചതൊഴിച്ചാല്‍ പിന്നീട് മികച്ച പന്തുകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയും ലൂസ് ബോളുകള്‍ റണ്‍സുകളാക്കി മാറ്റിയും മികച്ച ബാറ്റിംഗാണ് രാഹുല്‍ കാഴ്ചവെച്ചത്.
കോഹ്‌ലിയുടെ മികച്ച പിന്തുണകൂടിയായപ്പോള്‍ രാഹുലിന്റെ ആത്മവിശ്വാസവും വര്‍ദ്ധിച്ചു. കോഹ്‌ലിയും രാഹുലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 164 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ സ്‌കോര്‍ 176-ല്‍ എത്തിയശേഷമാണ് ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടമായത്. അര്‍ദ്ധസെഞ്ചുറി പിന്നിട്ട് സെഞ്ചുറി ലക്ഷ്യമാക്കി മുന്നേറുകയായിരുന്ന വിരാട് കോഹ്‌ലിയെ ഹെറാത്തിന്റെ പന്തില്‍ മാത്യൂസ് പിടികൂടി. 107 പന്തുകളില്‍ നിന്ന് 8 ഫോറും ഒരു സിക്‌സറുമടക്കം 78 റണ്‍സാണ് കോഹ്‌ലി നേടിയത്.
പിന്നീട് രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനിക്കി. സ്‌കോര്‍ 231 റണ്‍സായപ്പോള്‍ രാഹുലിനെയും ഇന്ത്യക്ക് നഷ്ടമായി. ഇതിനിടെ രാഹുല്‍ സെഞ്ചുറി തികച്ചിരുന്നു. ഒടുവില്‍ 190 പന്തുകള്‍ നേരിട്ട് 13 ഫോറും ഒരു സിക്‌സറുമടക്കം 108 റണ്‍സെടുത്ത രാഹുലിനെ ചമീരയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ചണ്ഡിമല്‍ പിടികൂടി. നാലാം ടെസ്റ്റ് കളിക്കുന്ന രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. തുടര്‍ന്നെത്തിയ സ്റ്റുവര്‍ട്ട് ബിന്നിക്ക് ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 10 റണ്‍സെടുത്ത ബിന്നിയെ ഹെറാത്തിന്റെ പന്തില്‍ ചമീര പിടികൂടി. സ്‌കോര്‍ അഞ്ചിന് 267. തുടര്‍ന്ന് രോഹിത് ശര്‍മ്മ വൃദ്ധിമാന്‍ സാഹയെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. സ്‌കോര്‍ 319-ല്‍ എത്തിയപ്പോള്‍ 132 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സറുമടക്കം 79 റണ്‍സെടുത്ത രോഹിത്ശര്‍മ്മയെ ആഞ്ചലോ മാത്യൂസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ശ്രീലങ്കക്ക് വേണ്ടി ധമിക പ്രസാദും ഹെറാത്തും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
സ്‌കോര്‍ ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്
മുരളി വിജയ് എല്‍ബിഡബ്ല്യു 0, ലോകേഷ് രാഹുല്‍ സി ചണ്ഡിമല്‍ ബി ചമീര 108, അജിന്‍ക്യ രഹാനെ സി കരുണരത്‌നെ ബി ധമിക പ്രസാദ് 4, വിരാട് കോഹ്‌ലി സി മാത്യൂസ് ബി ഹെറാത്ത് 78, രോഹിത് ശര്‍മ്മ എല്‍ബിഡബ്ല്യൂ മാത്യൂസ് 79, സ്റ്റുവര്‍ട്ട് ബിന്നി സി ചമീര ബി ഹെറാത്ത് 10, വൃദ്ധിമാന്‍ സാഹ നോട്ടൗട്ട് 19, എക്‌സ്ട്രാസ് 21, ആകെ ആറ് വിക്കറ്റിന് 319.
വിക്കറ്റ് വീഴ്ച: 1-4, 2-12, 3-176, 4-231, 5-267, 6-319.
ബൗളിങ്: പ്രസാദ് 20-5-72-2, ആഞ്ചലോ മാത്യൂസ് 10.2-4-17-1, ചമീര 13-0-59-1, ഹെറാത്ത് 21-2-73-2, കൗശല്‍ 23-2-82-0.
















